കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്ന പ്രതികളുടെ ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. ഒന്നാം പ്രതി തലശ്ശേരി സ്വദേശി വിക്രമനടക്കം 19 പ്രതികളാണ് ഹൈകോടതിയെ സമീപിച്ചത്.
2014 സെപ്റ്റംബർ ഒന്നിനാണ് പ്രതികൾ മനോജിനെ ആക്രമിച്ചുകൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പുറമെയാണ് തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്ന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റങ്ങൾകൂടി ചുമത്തിയത്. നാലുപ്രതികൾ ഒഴികെയുള്ളവരെല്ലാം റിമാൻഡിലാണ്. യു.എ.പി.എ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പലപ്പോഴായി കോടതികൾ നിരസിച്ചു. തുടർന്നാണ്, യു.എ.പി.എ ചുമത്തിയത് നിയമവിരുദ്ധമാണെന്ന വാദവുമായി പ്രതികൾ ഹൈകോടതിയിലെത്തിയത്.
യു.എ.പി.എ ചുമത്താൻ കേന്ദ്രസർക്കാറിെൻറ അനുമതി ലഭിച്ചത് 2015 ഏപ്രിൽ ഏഴിനാണെങ്കിലും തലശ്ശേരിയിലെ വിചാരണക്കോടതി മാർച്ച് 11നുതന്നെ യു.എ.പി.എ ചുമത്താൻ നടപടി തുടങ്ങിയതായി ഹരജിയിൽ ആരോപിക്കുന്നു. കേരളത്തിലുണ്ടായ അക്രമസംഭവത്തിൽ യു.എ.പി.എ ചുമത്താൻ അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാറാണെന്നിരിക്കെ കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ ചുമത്താൻ കേന്ദ്രസർക്കാർ നൽകിയ അനുമതി നിലനിൽക്കില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.