കഠ്വ പെൺകുട്ടിയുടെ ​ചിത്രവും പേരും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി പൊലീസ്

മലപ്പുറം: കശ്​മീരിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെല്ലാം നിയമക്കുരുക്കിൽ. ഹർത്താൽ ദിനത്തിൽ രംഗത്തിറങ്ങിയവർക്കും അക്രമങ്ങൾ നടത്തിയവർക്കുമെതിരെ കേസും അറസ്​റ്റുമായി പൊലീസ്​ മുന്നോട്ടുപോകുകയാണ്​. പ്രതിഷേധത്തിൽ ബാലികയുടെ ​ചിത്രവും പേരും ഉപയോഗിച്ചവർക്കെതിരെയും നടപടി ആരംഭിച്ചു. 

വാട്​സ്​ആപ്പിൽ സന്ദേശം പ്രചരിപ്പിച്ചവരെയും പൊലീസ്​ തേടുകയാണ്​. ഇത്തരത്തിലുള്ള നിരവധി പേരെ മലപ്പുറം പൊലീസ്​ സ്​റ്റേഷനിൽ വിളിപ്പിച്ചു. വാട്​സ്​ആപ്​ അഡ്​മിൻമാരാണ്​ ഇതിൽ കൂടുതലും. വാട്​സ്​ആപ്പിൽ ഇടപെട്ട മൂന്ന്​ പേർക്കെതിരെ മഞ്ചേരിയിൽ കേസെടുത്തു. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ്​ കേസ്​. ഇവർക്കുമേൽ പോക്​സോ ചുമത്തി. െഎ.പി.സി 228 ^എ വകുപ്പും ചുമത്തുന്നുണ്ട്​. മലപ്പുറത്ത്​ ഫ്ലക്​സ്​ സ്​ഥാപിച്ച ജില്ല ചൈൽഡ്​ പ്രൊട്ടക്​ഷ​ൻ യൂനിറ്റ്​ അടക്കമുള്ള അഞ്ച്​ സംഘടനകൾക്കെതിരെ വ്യാഴാഴ്​ച കേസെടുത്തിരുന്നു. ഇതിൽ തുടർനടപടി ഉണ്ടാകുമെന്ന്​ പൊലീസ്​ പറഞ്ഞു. ഫ്ലക്​സ്​ അടിച്ച കേന്ദ്രങ്ങളെ കുറിച്ചും അന്വേഷിക്കും. 

കൊലപാതകത്തിൽ പ്രതിഷേധിച്ച്​ പന്തം കൊളുത്തി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി വനിത അംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്​. ഇരയുടെ ചിത്രം പ്രദർശിപ്പിച്ച യൂത്ത്​ ലീഗിനെതിരെ കേസെടുത്തു. ഹർത്താലുമായി ബന്ധപ്പെട്ട്​ ജില്ലയിലെ വിവിധ മേഖലകളിൽ വെള്ളിയാഴ്​ച 51 പേരെ അറസ്​റ്റ്​ ചെയ്​തു. താനൂരില്‍ കെ.ആര്‍ ബേക്കറി ആക്രമിച്ച കേസില്‍ ഒരാള്‍ ​അറസ്​റ്റിലായി. ‍പുതിയകടപ്പുറം സ്വദേശി തക്കിച്ച​​​െൻറ പുരക്കല്‍ റാസിഖാണ് പിടിയിലായത്. 

അക്രമങ്ങളുടെ പേരില്‍ വര്‍ഗീയ പ്രചാരണം ശക്തം
ഹര്‍ത്താലില്‍ താനൂരിലുണ്ടായ അക്രമങ്ങളുടെ പേരില്‍ വര്‍ഗീയ പ്രചാരണം ശക്തം. ഒരു വിഭാഗത്തി​​​െൻറ കടകള്‍ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഹര്‍ത്താലി​​​െൻറ മറവില്‍ നടന്ന ആക്രമണത്തില്‍ എല്ലാ വിഭാഗത്തിലുംപെട്ടവരുടെതുമായി 19 കടകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. താനൂരിലെ 19 വ്യാപാര സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍, കെ.ആര്‍ ബേക്കറിയും ഒരു പടക്കക്കടയും ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തിനെതിരെ വര്‍ഗീയമായ ആക്രമണം നടന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായി. 

മന്ത്രി കെ.ടി. ജലീല്‍ താനൂരിലെത്തി നടത്തിയ പ്രസ്താവനയും ഒരു വിഭാഗത്തി‍​​െൻറ സ്ഥാപനങ്ങള്‍ മാത്രം ആക്രമിക്കപ്പെട്ടു എന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍, ആക്രമിക്കപ്പെട്ട സ്ഥാപനങ്ങൾ ഇരുവിഭാഗത്തി​​​െൻറതുമായുണ്ട്​. ആക്രമണത്തിനിരയാക്കപ്പെട്ട 19ല്‍ 13 സ്ഥാപനങ്ങളും മുസ്​ലിം വിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളതാണ്. ആറെണ്ണമാണ് ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളത്. 

ആക്രമിക്കപ്പെട്ട പടക്കക്കട ബി.ജെ.പി പ്രാദേശിക നേതാവി​​​െൻറതാണ്​. മംഗല്യ സാരീസ് എന്ന സ്ഥാപനം മുസ്​ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡൻറി​​​െൻറതാണ്. കെ.ആര്‍ ബേക്കറി കുത്തിത്തുറന്ന് കൊള്ളയടിച്ചവര്‍ പ്രദേശത്തെ ഒരു രാഷ്​ട്രീയ പാര്‍ട്ടി അംഗങ്ങളാണെന്ന് പ്രചാരണമുണ്ട്​. ഇവരിൽ ഒരാളെ മാത്രമാണ്​ ഇതുവരെ പിടികൂടിയത്​. അതേസമയം, ബേക്കറി ആക്രമണ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. 

ഹർത്താൽ അക്രമം: ആർ.എസ്.എസ് പങ്ക് അന്വേഷിക്കണം -എസ്.ഡി.പി.ഐ
കശ്മീരി പെൺകുട്ടിയുടെ കൊലപാതകത്തെത്തുടർന്ന് ഏപ്രിൽ 16​ലെ ഹർത്താലി​​െൻറ മറവിൽ നടന്ന അക്രമത്തിൽ ആർ.എസ്.എസി​​​െൻറ പങ്ക്​ അന്വേഷിക്കണമെന്ന്​ എസ്.ഡി.പി.ഐ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ കലാപമുണ്ടാക്കാൻ സംഘ്​പരിവാർ മുമ്പും ശ്രമിച്ചിട്ടുണ്ട്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിനെതിരെ ഉയർന്ന സ്വാഭാവിക പ്രതിഷേധമാണ് 16ന് കണ്ടത്. ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തെത്തിയവരിൽ മുസ്​ലിം ലീഗ്, സി.പി.എം, കോൺഗ്രസ് പ്രവർത്തകരുമുണ്ട്. എല്ലാ സമുദായത്തിൽപ്പെട്ടവരുടെയും സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. കുറേപ്പേർ അറസ്​റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തു. ഇതിൽ എസ്.ഡി.പി.ഐ പ്രവർത്തകരുമുണ്ട്. എന്നാൽ, അക്രമ സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ല. 

താനൂരിലെ ബേക്കറി കൊള്ളയടിക്കുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ കാണുന്നത് സി.പി.എം, ലീഗ് പ്രവർത്തകരെയാണ്. സ്വന്തം അണികൾ ചെയ്ത തെറ്റ് മറച്ചുവെക്കാനും ഹർത്താൽ വിജയിച്ചതിലെ ഈഗോ കാരണവും അക്രമ സംഭവങ്ങളും ഹർത്താലി​​െൻറ പിതൃത്വവും ഇവർ എസ്.ഡി.പി.ഐയുടെ ചുമലിലിടുകയാണ്. പീഡനക്കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ കൊണ്ടുവന്ന പോക്സോ നിയമം, ഇരക്ക് നീതി കിട്ടാനായി ശബ്​ദിച്ചവരുടെ മേൽ പ്രയോഗിക്കുന്നത് അപലപനീയമാണെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ പറഞ്ഞു. സാദിഖ് നടുത്തൊടി, എ.കെ. അബ്​ദുൽ മജീദ്, എം.പി. മുസ്തഫ, എ.എ. റഹീം എന്നിവർ സംബന്ധിച്ചു.


ഹർത്താലിനെ അടിച്ചമർത്താനുള്ള ശ്രമം പ്രതിഷേധാർഹം -പോരാട്ടം
കൽപറ്റ: കഠ്​വ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹർത്താലിന് പിന്തുണയുമായി കേരളത്തിൽ ജനം തെരുവിലിറങ്ങിയതിനെ സ്വാഗതംചെയ്​ത്​ പോരാട്ടം സംസ്ഥാന കൗൺസിൽ. പിഞ്ചുകുഞ്ഞിനെ ബലാത്സംഗംചെയ്​ത്​ കൊന്നതാണോ അതിനെതിരെ ഹർത്താൽ നടത്തുന്നതാണോ കുറ്റകൃത്യം എന്ന് സംശയിപ്പിക്കുംവിധമാണ് ഇതി​​​െൻറ പേരിൽ അറസ്​റ്റുകളും അടിച്ചമർത്തലുകളും നടക്കുന്നതെന്ന് പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ ചെയർപേഴ്സൻ എം.എൻ. രാവുണ്ണി പത്രക്കുറിപ്പിൽ പറഞ്ഞു.

വ്യവസ്ഥാപിത പാർട്ടികൾ ജനങ്ങളുടെ നീറുന്ന പ്രശ്​നങ്ങളോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയാണ്. അത്തരം സാഹചര്യത്തിലാണ് ജനം സ്വയം പ്രതികരിക്കുന്നത്. എന്നാൽ, ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭരണകൂടം അടിച്ചമർത്തുകയാണ്. ഹർത്താൽ നടത്തിയവർക്കെതിരെ കേസെടുത്തത് അപലപനീയമാണ്-അദ്ദേഹം പറഞ്ഞു.
    

Tags:    
News Summary - Kathua rape case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.