കർണാടകയിലെ പ്രത്യേക തൊഴിൽ സംവരണം: 24ന് എൻ.ഡി.എ പ്ര​​ക്ഷോഭം

തൃശൂർ: തൊഴിൽ മേഖലയിൽ കന്നഡി​ഗർ അല്ലാത്തവരോട് വിവേചന നിലപാട് സ്വീകരിക്കുകയാണ് കർണാടക സർക്കാർ ചെയ്യുന്നതെന്ന് കെ. സുരേന്ദ്രൻ. ഇതിന്റെ ഭാ​ഗമായാണ് കർണാടകക്കാർക്ക് പ്രത്യേക തൊഴിൽ സംവരണം കൊണ്ടുവന്നത്. അന്യസംസ്ഥാനക്കാരെ ആട്ടിയോടിക്കാനുള്ള മണ്ണിന്റെ മക്കൾ വാദമാണ് കോൺ​ഗ്രസ് സർക്കാർ ഉയർത്തുന്നത്. 30 ലക്ഷം മലയാളികളെ ഈ നിയമം ബാധിക്കും. ശക്തമായ എതിർപ്പുയർന്നത് കൊണ്ടാണ് സർക്കാർ താൽക്കാലികമായി ഈ നിയമം മരവിപ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ.സി. വേണു​ഗോപാലിനെ പോലെയുള്ളവരാണ് അവിടുത്തെ കോൺ​ഗ്രസിന്റെ ചുമതലയുള്ളവർ. സംസ്ഥാനത്തെ രണ്ട് മുന്നണികളും ഇതിനോട് പ്രതികരിക്കുന്നില്ല. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. എൽ.ഡി.എഫ് എന്താണ് പ്രതികരിക്കാത്തത്? കർണാടക സർക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഈ മാസം 24ന് തിരുവനന്തപുരത്ത് എൻ.ഡി.എ പ്രക്ഷോഭം സംഘടിപ്പിക്കും.

വിശ്വസയോ​ഗ്യമായ മൂന്നാം ബദലിന് കേരളത്തിൽ കളം ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ്ഫലം ഇരുമുന്നണികൾക്കും വലിയ അങ്കലാപ്പുണ്ടാക്കി. എൽ.ഡി.എഫും യു.ഡി.എഫും അല്ലാത്ത ബദലിന് കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യർഥന ജനം കേട്ടു. എൻ.ഡി.എ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ യോ​ഗം തീരുമാനിച്ചതായും. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണി പ്രവർത്തിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ കർണാടക സർക്കാർ നീതിപൂർവമായല്ല പെറുമാറുന്നത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷ പൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായി. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്സ് തയാറായില്ല. കർണാടകയിലെ സംവിധാനങ്ങൾ ഒന്നും ഇടപെട്ടില്ല. നാലാമത്തെ ദിവസമാണ് അവർ ചെറു വിരലനക്കാൻ തയ്യാറായത് എന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - NDA agitation on 24th against special job reservation in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.