കോഴിക്കോട്: കഠ്വ-ഉന്നാവ് ഫണ്ട് തട്ടിയെന്ന കേസിൽ യൂത്ത് ലീഗ് നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കുന്ദമംഗലം സ്റ്റേഷനിലെ യൂസുഫ് നടുത്തറമ്മേലിനെയാണ് അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
യൂത്ത് ലീഗ് മുൻ നേതാവ് യൂസുഫ് പടനിലം നൽകിയ കേസിൽ ഒന്നാംപ്രതി മുസ്ലിംലീഗ് നേതാവ് സി.കെ. സുബൈറും രണ്ടാംപ്രതി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസുമായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇരുവർക്കുമെതിരെ ഒരു തെളിവും ലഭിച്ചില്ലെന്നും വ്യാജ പരാതിയായി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് അച്ചടക്ക നടപടി. പരാതിക്കാരൻ നൽകിയ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ ഗൗരവത്തിൽ പരിശോധിച്ചില്ല എന്നതടക്കം സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് ബോധ്യമായതോടെയാണ് നടപടി.
പരാതിയിൽ പൊലീസ് കൃത്യമായി അന്വേഷണം നടത്തിയിട്ടില്ലെന്നടക്കം ആരോപിച്ച് യൂസുഫ് പടനിലം നൽകിയ അപേക്ഷ പരിഗണിച്ച് പ്രതികൾക്ക് സമൻസയക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിനാണ് കേസ് വീണ്ടും പരിഗണിക്കുക.
അതേസമയം, സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സർവിസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയെന്ന് പി.കെ. ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഫണ്ട് തിരിമറി ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പെൺകുട്ടികൾ കഠ്വയിലും ഉന്നോവിലും പിച്ചിച്ചീന്തപ്പെട്ടതിനെ തുടർന്ന് യൂത്ത് ലീഗ് ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ പണപ്പിരിവ് നടത്തിയിരുന്നു. പിരിച്ച പണത്തിൽനിന്ന് ചെറിയ തുക മാത്രമാണ് ഇരകളുടെ കുടുംബത്തിനും കേസ് വാദിച്ച അഭിഭാഷകർക്കും നൽകിയതെന്നും ബാക്കി യൂത്ത് ലീഗിന്റെ സംസ്ഥാന ജാഥക്കായി ചെലവഴിച്ചു എന്നുമായിരുന്നു പരാതിക്കാരന്റെ ആരോപണം.
ഫണ്ട് പിരിവിന്റെ ഭാഗമായ ബക്കറ്റ് പിരിവിൽ പരാതിക്കാരനും പണം നൽകി എന്നല്ലാതെ കേസിന് ആധാരമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.