കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസ്; എസ്‌.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാക്കളുടെ പരീക്ഷാ ക്രമക്കേട് ചർച്ചയാകുമ്പോൾ കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ പൊലീസിന്‍റെ ഒത്തുകളി തുടരുന്നു. കേസിലെ മുഖ്യപ്രതി എസ്.എഫ്.ഐ നേതാവ് എ.വിശാഖിനെ ഇതേവരെ അറസ്റ്റ് ചെയ്തില്ല. കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്.എഫ്.ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു.

പ്രായപരിധി കഴിഞ്ഞ എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി.കെ.എസ്.യുവിന്റെ പരാതിയിൽ കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് പിന്നീട് കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്.

വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി.ജെ ഷൈജുവിനുമെതിരെ കേസെടുത്തിട്ട് രണ്ടര ആഴ്ച പിന്നിട്ടു. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന അടക്കമുള്ള കുറ്റം ചുമത്തിയിട്ടും പൊലീസ് തുടക്കം മുതൽ അനങ്ങിയില്ല. രജിസ്ട്രാറുടെ മൊഴിയെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല.

അന്വേഷണത്തിലെ മെല്ലെപ്പോക്ക് മുതലെടുത്ത് ഒന്നാം പ്രതിയും മുൻ പ്രിൻസിലുമായി ജി ജെ ഷൈജു അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടിക്കഴിഞ്ഞു. രേഖകളെല്ലാം പൊലീസിന്‍റെ കൈവശം ലഭിച്ചതിന് പിന്നാലെ ഷൈജു തിരുവനന്തപുരം അഡി.സെഷൻസ് കോടതിയെ സമീപിച്ച് വെളളിയാഴ്ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവ് വാങ്ങിയത്.

കേസ് ഡയറി പരിശോധിക്കണെന്നാണ് ഷൈജുവിൻെറ ആവശ്യം. പൊലീസ് അന്വേഷണത്തിൽ പാകപ്പിഴയുണ്ടെങ്കിൽ അത് ഷൈജുവിന് തുണയാകും. കേരളം കണ്ട അസാധാരണ തട്ടിപ്പിൽ ഇതുവരെ ആകെ നടന്നത് വിശാഖിനെ എസ്.എഫ്.ഐയും സി.പി.എമ്മും പുറത്താക്കിയതും പ്രിൻസിപ്പലിനെ മാറ്റിയതും മാത്രം. പിന്നീടൊന്നും നടന്നില്ല. വിശാഖിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടുമില്ല. മുന്‍കൂർ ജാമ്യവും തേടിയിട്ടില്ല. എന്നിട്ടും പൊലീസ് വിശാഖിനെ അറസ്റ്റ് ചെയ്യുന്നില്ല. ഒരു പ്രിൻസിപ്പലും എസ്.എഫ്.ഐ നേതാവും മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ലയിത്. ഈ കേസിൽ സി.പി.എമ്മിലെ എം.എൽ.എമാർ ഉള്‍പ്പെടെ സംശയ നിഴലിലാണ്.  

Tags:    
News Summary - Kattakkada College impersonation case; Police did not arrest the SFI leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.