കട്ടപ്പന: നവജാത ശിശുവിന്റെ മൃതദേഹം കത്തിച്ച് തോട്ടിൽ ഒഴുക്കിയെന്ന് കട്ടപ്പന ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതികൾ. ഒന്നാം പ്രതി കട്ടപ്പന പാറക്കടവ് പുത്തൻപുരക്കൽ നിതീഷ് (രാജേഷ് -31), രണ്ടാം പ്രതി കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണു (27) എന്നിവരാണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇങ്ങനെ പറഞ്ഞത്. 2018ലെ പ്രളയത്തിൽപെട്ട് മൃതദേഹത്തിന്റെ തെളിവുകൾ പൂർണമായും നശിച്ചുപോയതായി കരുതുന്നുവെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു.
കട്ടപ്പന, കക്കാട്ടുകട, നെല്ലിപ്പള്ളിൽ വിജയൻ, വിജയന്റെ മൂന്ന് ദിവസം പ്രായമായ കൊച്ചുമകൾ എന്നിവരെയാണ് നിതീഷും വിഷ്ണുവും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തത്. വിജയനെ എട്ടുമാസം മുമ്പും നവജാത ശിശുവിനെ എട്ടുവർഷം മുമ്പുമാണ് കൊലപ്പെടുത്തിയത്.
രണ്ട് പ്രതികളെയും ബുധനാഴ്ച കൊലപാതകം നടന്ന രണ്ട് വീടുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. തെളിവെടുപ്പിനിടെ പ്രതികൾ രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരുകയും ചെയ്തു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൃത്യത്തിൽ ഉൾപ്പെടുത്തിയതെന്ന് വിഷ്ണു തെളിവെടുപ്പിനിടെ പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടശേഷം തറ കോൺക്രീറ്റ് ചെയ്യാൻ മണലും സിമന്റും മോഷ്ടിച്ച സ്ഥലങ്ങളും പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു. നേരത്തേ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തത് സംബന്ധിച്ച് ഇരുവരും പരസ്പരവിരുദ്ധ മൊഴി നൽകിയിരുന്നു.
കൊല്ലപ്പെട്ട വിജയൻ എട്ടുവർഷം മുമ്പ് താമസിച്ചിരുന്ന വീട്ടിലെ പശുത്തൊഴുത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതായി നിതീഷ് ആദ്യം മൊഴി നൽകിയത്. ഇതേതുടർന്ന് പൊലീസ് ഇവിടെ കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൂന്നുദിവസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ സഹോദരിയിൽ നിതീഷിന് അവിഹിത ബന്ധത്തിലുണ്ടായതാണ് കുഞ്ഞ്. വിജയനെ കൊലപ്പെടുത്തിയത് നിതീഷുമായുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിലാണെന്നും പൊലീസ് പറയുന്നു.
ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. മധുബാബു, കട്ടപ്പന സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.