കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024 ഏപ്രിൽ 15ന് സുമയുടെ ആയുസ്സ് അവസാനിക്കുമെന്നാണ് പൂജാരിയായ നിതീഷ് അവരെ വിശ്വസിപ്പിച്ചിരുന്നതെന്ന വിവരമാണ് ചോദ്യംചെയ്യലിൽ പുറത്തുവന്നത്.
സുമയെ കൊലപ്പെടുത്താൻ തീരുമാനിച്ചശേഷമാണ് നിതീഷ് അവരോട് ഇങ്ങനെ പറഞ്ഞതായി കരുതുന്നത്. പിന്നീട് നിതീഷ് പറയുന്നത് അതേപടി അനുസരിച്ചായിരുന്നു അവരുടെ ജീവിതമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിലൂടെ വിജയന്റെയും കുടുംബത്തിന്റെയും വിശ്വാസം ആർജിച്ചശേഷം നിതീഷാണ് കുടുംബാംഗങ്ങളെ നിയന്ത്രിച്ചിരുന്നത്.
സുമയെയും മകളെയും വീട്ടിൽനിന്ന് പുറത്തിറക്കാതെ പാർപ്പിച്ചശേഷം കാര്യമായ ഭക്ഷണംപോലും നൽകിയിരുന്നില്ലെന്നാണ് ചോദ്യംചെയ്യലിൽ ഇവർ വെളിപ്പെടുത്തിയത്. രാവിലെ ഗോതമ്പ് ദോശയും വൈകീട്ട് ഒരുതവി റേഷനരിയുടെ കഞ്ഞിയുമായിരുന്നത്രേ നിതീഷ് കഴിക്കാൻ നൽകിയിരുന്നത്.
വാടകക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ ശാരീരികമായി ഏറെ അവശതയിലായിരുന്നു സുമ. നിതീഷ് മാംസം ഉൾപ്പെടെ ഭക്ഷണം ദിവസവും കഴിച്ചിരുന്നതായി സുമ പൊലീസിനോട് പറഞ്ഞു. സുമയുടെ മകൾക്ക് നല്ല ഭക്ഷണം നൽകിയിരുന്നു. സുമയെയും മകൻ വിഷ്ണുവിനെയും ഉൾപ്പെടെ അപായപ്പെടുത്തി വിജയന്റെ മകളുമായി കടക്കാനായിരുന്നോ നിതീഷിന്റെ ശ്രമമെന്നും പൊലീസ് സംശയിക്കുന്നു.
വിഷ്ണുവിനെ തുടരെ കേസിൽപെടുത്താനും നിതീഷ് ശ്രമിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വിഷ്ണുവിനെ ഉപയോഗിച്ച് നിതീഷ് കാഞ്ചിയാറിലും പരിസരപ്രദേശത്തും നിരവധി മോഷണം നടത്തിയിരുന്നു. അത്തരത്തിൽ കട്ടപ്പനയിലെ വർക്ക്ഷോപ്പിൽ മോഷണത്തിനിടെയാണ് വിഷ്ണു പിടിയിലായത്.
ഇതേതുടർന്നാണ് വിജയനെയും ഇദ്ദേഹത്തിന്റെ മകളുടെ ആൺകുഞ്ഞിനെയും നിതീഷ് കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്. മേരികുളം, ലബ്ബക്കട എന്നിവിടങ്ങളിൽ ഉൾപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലും ഇവരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.