ശ്രീകണ്ഠപുരം: ജന്മിത്വത്തിനെതിരായ കർഷക പോരാട്ടത്തിൽ ചോര ചിന്തിയ കാവുമ്പായിക്കുന്നിൽ കനലടങ്ങാത്ത ഓർമകൾക്ക് കടലിരമ്പം. 1946 ഡിസംബർ 30 നാണ് കരിവെള്ളൂരിന് പിന്നാലെ കാവുമ്പായി സമരക്കുന്നിൽ കർഷക നെഞ്ചിലേക്ക് നാടുവാഴിയുടെ ആജ്ഞയിലെത്തിയ വെടിയേറ്റത്. ജീവൻ ബലിയർപ്പിച്ച് അവർ നിലത്തുവീഴുമ്പോഴും ജന്മിത്വത്തിനെതിരായ മുദ്രാവാക്യങ്ങളാണ് വെടി മുഴക്കത്തെ മറികടന്ന് വാനിൽ മുഴങ്ങിയത്.
പി. കുമാരൻ, പുളുക്കൂൽ കുഞ്ഞിരാമൻ, മഞ്ഞേരി ഗോവിന്ദൻ, ആലാറമ്പൻകണ്ടി കൃഷ്ണൻ, തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയാണ് കാവുമ്പായി സമരക്കുന്ന്. ഉത്തര മലബാറിൽ കൃഷി ഭൂമിക്കുവേണ്ടിനടന്ന രക്തരൂഷിതമായ കർഷക സമരങ്ങളിലൊന്നായിരുന്നു കാവുമ്പായി സമരം. ജന്മിയുടെ അനുമതിയില്ലാതെ കുന്നിൻ മുകളിലെ കാട് വെട്ടിത്തെളിച്ച് പുനം കൃഷി നടത്തിയായിരുന്നു സമരങ്ങളുടെ തുടക്കം.
1946 നവംബറോടെ സമരം തീപ്പൊരിയായി. സമരക്കാരെ അടിച്ചമർത്താൻ ജന്മിക്കുവേണ്ടിയിറങ്ങിയത് എം.എസ്.പിക്കാരായിരുന്നു. പ്രത്യേകം ക്യാമ്പുകൾ തുറന്നാണ് പൊലീസ് സംഘം ഇരിക്കൂർ ഫർക്കയിലെ 10 വില്ലേജുകളിൽ നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചത്. അതിനെ എതിർത്ത് അഞ്ഞൂറോളം കർഷകർ സായുധരായി കാവുമ്പായി കുന്നിൽ സംഘടിച്ചു. ഈ വിവരം ഒറ്റുകാർ വഴി എം.എസ്.പി.ക്കാർ അറിഞ്ഞിരുന്നു. ഡിസംബർ 30ന് പുലർച്ച കാവുമ്പായി കുന്ന് വളഞ്ഞ പൊലീസ് വെടിയുതിർത്ത് നരനായാട്ട് നടപ്പാക്കി. കർഷകസമരക്കാരായ പുളുക്കൂൽ കുഞ്ഞിരാമൻ, പി. കുമാരൻ, മഞ്ഞേരി ഗോവിന്ദൻ എന്നിവർ തൽക്ഷണം മരിച്ചുവീണു. ആലാറമ്പൻകണ്ടി കൃഷ്ണനെയും തെങ്ങിൽ അപ്പനമ്പ്യാരെയും പൊലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. സമരനേതാക്കളായിരുന്ന തളിയൻ രാമൻ നമ്പ്യാർ, ഒ.പി. അനന്തൻ മാസ്റ്റർ ഉൾപ്പെടെ നിരവധി പേർ ജയിലിലായി. അറസ്റ്റു ചെയ്തവരെ ആദ്യം കണ്ണൂരിലും പിന്നീട് സേലം ജയിലിലുമാണ് പാർപ്പിച്ചിരുന്നത്. 1950 ഫെബ്രുവരി 11ന് സേലം ജയിലിലുണ്ടായ വെടിവെപ്പിൽ തളിയൻ രാമൻ നമ്പ്യാരും ഒ.പി. അനന്തൻ മാസ്റ്ററും കൊല്ലപ്പെട്ടു.
രാമൻ നമ്പ്യാരുടെ മകൻ കാവുമ്പായിലെ ഇ.കെ. നാരായണൻ നമ്പ്യാർ സേലം വെടിവെപ്പിൽ കാലിൽ തറച്ച വെടിയുണ്ടയുമായി ഏറെക്കാലം ജീവിച്ചു. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കണ്ണൂർ സെൻട്രൽ ജയിലിൽ ചില പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് 200ഓളം പേരെ അന്ന് സേലം ജയിലിലേക്ക് മാറ്റിയത്. അവിടെ ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് എന്ന ബോർഡും സെല്ലിനു പുറത്ത് സ്ഥാപിച്ചിരുന്നു.
സെല്ലിൽ മുദ്രാവാക്യം വിളിച്ചതിനാണ് നിരായുധരായ സമര നായകർക്കുനേരെ പൊലീസ് സേലം ജയിലിൽ വെടിയുതിർത്തത്.
കാവുമ്പായി സമരത്തിന്റെ 77-ാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഐച്ചേരിയിലെ കാവുമ്പായി സ്മാരക മന്ദിരത്തിന് സമീപം നടക്കുന്ന പൊതുയോഗം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവംഗം കെ. പ്രകാശ് ബാബു ഉൾപ്പെടെ സംസാരിക്കും.
കർഷക സമര പോരാട്ടത്തിന്റെ ചരിത്രം പറയാൻ കാവുമ്പായിയിലെ സമരക്കുന്നിൽ സർക്കാർ മ്യൂസിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2020-ലെ ബജറ്റിൽ ഇതിനായി സംസ്ഥാന സർക്കാർ 20 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, ഫണ്ട് ലഭ്യമാക്കാത്തത് നിർമാണത്തിന് തിരിച്ചടിയായി. കാവുമ്പായി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമരക്കുന്നിൽ ചരിത്ര മ്യൂസിയം ഒരുക്കുവാനായിരുന്നു ധാരണ. മ്യൂസിയത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വടക്കേ മലബാറിൽ നടന്ന കർഷക സമരങ്ങളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും പുതിയ തലമുറകൾക്ക് ചരിത്ര സംഭവങ്ങൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. മ്യൂസിയത്തിനായി 12 സെന്റ് ഭൂമിയാണ് സമരക്കുന്നിൽ നീക്കിവെച്ചത്. മ്യൂസിയം വന്നാൽ അത് പുതുതലമുറക്ക് പഴയ സമര ചരിത്ര കാഴ്ചകൾ സമാനിക്കും. അത് യാഥാർഥ്യമാക്കാത്തത് പ്രദേശത്തുള്ളവരിൽ ഏറെ നിരാശയുളവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.