കായംകുളം: എസ്.ബി.ഐ ബാങ്കിൽ നിക്ഷേപിക്കാനെത്തിയ കള്ളനോട്ട് പിടിച്ച സംഭവത്തിൽ കശുവണ്ടി വ്യവസായി അടക്കം അഞ്ച് പേർ കൂടി അറസ്റ്റിൽ. സംഘത്തിലെ ഉന്നതർക്കായി അന്വേഷണം ഊർജിതം. .കീരിക്കാട് കണ്ണമ്പള്ളിഭാഗം വലിയപറമ്പിൽ നൗഫൽ (38), കായംകുളം പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര കോലേപ്പള്ളിൽ മോഹനൻ (66), ആലപ്പുഴ സക്കറിയാ ബസാർ യാഫി പുരയിടത്തിൽ ഹനീഷ് ഹക്കിം( 35), കശുവണ്ടി ഫാക്ടറി ഉടമയായ കരുനാഗപ്പള്ളി വവ്വാക്കാവ് പൈങ്കിളി പാലസിൽ വീട്ടിൽ അമ്പിളി (ജയചന്ദ്രൻ 54) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.
കേസിലെ പ്രധാന കണ്ണിയായ ഇലിപ്പക്കുളം ചൂനാട് തടായിൽവടക്കതിൽ അനസ് (46), കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽ നിന്നും തഴവ വടക്കുംമുറി തട്ടാശ്ശേരിൽ പടിറ്റതിൽ വീട്ടിൽ താമസിക്കുന്ന സുനിൽദത്ത് (54) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരുടെ വീടുകളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ 2,69,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുവന്ന 36,500 രൂപയുടെ കള്ളനോട്ടുകൾ ഉൾപ്പടെയാണിത്.
രണ്ടര ലക്ഷം രൂപയുടെ യഥാർത്ഥ നോട്ടുകൾ നൽകി ജോസഫാണ് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വാങ്ങിയത്. അനസ് ഇടനിലക്കാരനായ ഇടപാടിൽ ഹനീഷ് ഹക്കീമാണ് ഇവർക്ക് കള്ളനോട്ടുകൾ സംഘടിപ്പിച്ച് നൽകിയത്. വയനാട് കൽപ്പറ്റ സ്വദേശിയാണ് ഇവർക്ക് തൊട്ടുമുന്നിലുള്ള കണ്ണിയെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ താമസിയാതെ വലയിലാകുമെന്ന് അറിയുന്നു. കള്ളനോട്ടുകളിൽ ഒന്നര ലക്ഷം രൂപയുടെ നോട്ടുകൾ ജോസഫിന്‍റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. അമ്പിളിയിൽ നിന്നും 56,500 രൂപയും അനസിൽ നിന്നും 15,000 രൂപയും മോഹനനിൽ നിന്നും 6,500 രൂപയും നൗഫലിൽ നിന്നും 2,500 രൂപയും സുനിൽ ദത്തിൽ നിന്നും 2,000 രൂപയുമാണ് പിടികൂടിയത്.
രണ്ടര ലക്ഷം രൂപയാണ് ജോസഫ് സൂക്ഷിച്ചിരുന്നത്. ബാക്കിയുള്ള തുക അനസ് മുഖാന്തിരമാണ് മറ്റ് പ്രതികളിലേക്ക് എത്തിയത്. കണ്ടെടുത്തതിന്‍റെ ബാക്കി തുകയായ 2,31,000 രൂപ എവിടെയെന്നതാണ് പൊലിസിനെ കുഴക്കുന്ന പ്രധാന പ്രതിസന്ധി. മാർക്കറ്റുകളിൽ ഇവ എത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ രൂപവത്കരിച്ച് അന്വേഷണം കാര്യക്ഷമമാക്കിയിട്ടുണ്ട്.
കള്ളേനാട്ട് സംഘത്തിെൻറ പ്രധാന ഉറവിടം ബാംഗളൂരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കേസിൽ കൂടുതൽ വ്യക്തത വരുത്താനാകുവെന്ന് സി.െഎ മുഹമ്മദ് ഷാഫി പറഞ്ഞു. കശുവണ്ടി തൊഴിലാളികൾ, മൽസ്യ വിൽപ്പന മേഖല, ബ്ലേഡ് പലിശ സംഘങ്ങൾ എന്നിവ മുഖാന്തിരമാണ് പണം ചെലവഴിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികളുടെ സാമൂഹിക പശ്ചാത്തലവും ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഷാഹിന, എ.എസ്.ഐമാരായ ഹാരിസ്, സജിത്, ഉദയൻ, നവീൻ, പോലീസുകാരായ ദീപക്, വിഷ്ണു , സബീഷ് , ഷാജഹാൻ, അനീഷ്, രാജേന്ദ്രൻ, റെജി, സുനിൽകുമാർ, വിനോദ് കുമാർ, പ്രദീപ്, ഫിറോസ്, ശിവകുമാർ, കണ്ണൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.