കൊട്ടാരക്കര: സോളാർ ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ്കുമാറിന് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഒന്നാം കോടതിയിൽനിന്ന് ജാമ്യം ലഭിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ഗണേഷ് കോടതിയിൽ എത്തിയത്. രണ്ടാം പ്രതിയായ കെ.ബി. ഗണേഷ് വിചാരണ സമയത്ത് ഡിസംബർ ആറിന് ഹാജരാകാനായിരുന്നു കോടതി നിർദേശിച്ചിരുന്നത്. ആ ദിവസം ഹാജരാകുന്നതിന് ബുദ്ധിമുട്ടറിയിച്ച ഗണേഷ് കുമാർ കേസ് ശനിയാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുൻകൂർ അപേക്ഷ നൽകിയിരുന്നു. അതനുസരിച്ചാണ് ശനിയാഴ്ച ഹാജരായത്.
എന്നാൽ, ജാമ്യം അനുവദിച്ചതിനൊപ്പം ഡിസംബർ ആറിന് കോടതി കേസ് പരിഗണിക്കുമ്പോൾ ഗണേഷ് കുമാറും ഒന്നാം പ്രതി സരിതയും നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സെലിബ്രിറ്റിയായതിനാൽ വിദേശത്തും മറ്റും പോകേണ്ട ആവശ്യമുണ്ടെന്ന് കോടതിയോട് ഗണേഷ് പറഞ്ഞെങ്കിലും അനുവദിച്ചില്ല.
സോളാർ കേസിലെ പരാതിക്കാരി കോടതിയിൽ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്ന് തയാറാക്കി നൽകിയ 21 പേജുള്ള കത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടേതടക്കം പേരുകൾ ഉൾപ്പെടുത്തി നാലുപേജ് കൂട്ടിച്ചേർത്താണ് നൽകിയതെന്ന സുധീർ ബാബുവിന്റെ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.