തിരുവനന്തപുരം: പാർട്ടി താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് വേണ്ടതെന്നും അതാണ് കാലത്തിന്‍റെ വിളിയെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. ഉത്തരവാദപ്പെട്ട നേതാക്കൾ അതിനനുസരിച്ച് പെരുമാറുമെന്നാണ് വിശ്വസം. പാർട്ടി താൽപര്യം അവഗണിച്ച് ഗ്രൂപ്പ് താൽപര്യവുമായി മുന്നോട്ടു പോകുമ്പോഴാണ് തിരിച്ചടികൾ ഉണ്ടാകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരികെ കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കഴിയുമെന്ന് പാർട്ടി ഉറച്ചുവിശ്വസിക്കുന്നു. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. ഈ തീരുമാനം കേരളത്തിലെ ജനങ്ങളും പാർട്ടി പ്രവർത്തകരും സ്വീകരിച്ചെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുന്ന ആളാണ് സതീശൻ. പ്രതിപക്ഷ നേതൃപദവിയിൽ അദ്ദേഹത്തിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല അടക്കം അനുഭവ സമ്പത്തും പ്രവൃത്തി പരിചയവുമുള്ള ഒരു ടീമിനെയാണ് സതീശൻ നയിക്കുന്നത്. ഒരു വ്യക്തിമാത്രം വിചാരിച്ചിട്ടല്ല എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.