കാസർകോട്: കുട്ടികൾക്കെതിരെയുള്ള ശാരീരിക, ലൈംഗിക അതിക്രമങ്ങൾ കൂടിവരുന്നതാ യി കണക്കുകൾ സൂചിപ്പിക്കുന്നതിനിടെ കടന്നുവരുന്നത് ഏറ്റവും ശ്രദ്ധിക്കേണ്ട അവധിക് കാലം. മാർച്ചിൽ പരീക്ഷകൾ പൂർത്തിയാകുന്നതോടെ കുട്ടികളെ വേട്ടയാടുന്നവർ അണിയറയി ൽ പുതിയ കെണികളാലോചിച്ച് തയാറാകുന്നുണ്ടാവും.
പുതുവർഷമാരംഭിച്ച് രണ്ടു മാസത്തിനകം കാസർകോട് ജില്ലയിൽ മാത്രം 116 പരാതികളിലാണ് ചൈൽഡ്ലൈൻ ഇടപെട്ടത്. ജനുവരിയിൽ 53ഉം ഫെബ്രുവരിയിൽ 63ഉം കേസുകൾ. ഇതിൽ 36 പരാതികളും കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയതിനായിരുന്നു. ശാരീരികമായി ആക്രമിച്ചതിനായിരുന്നു 15 പരാതികൾ. മാനസികമായി അധിക്ഷേപിച്ചതിന് 34 പരാതികളും ലഭിച്ചു.
രക്ഷിതാക്കൾ ജോലിക്കു പോകുന്നവരാണെങ്കിൽ അവധിക്കാലത്ത് മിക്ക സമയത്തും കുട്ടികൾ തനിച്ചാണ് വീടുകളിലുണ്ടാവുക. മുതിർന്ന വ്യക്തികളേക്കാൾ സമൂഹ മാധ്യമങ്ങളിലും സൈബറിടങ്ങളിലും കുട്ടികൾ സജീവമാകുന്നത് അപകടങ്ങൾ വിളിച്ചുവരുത്താനിടയുണ്ടെന്ന് അധികൃതർ പറയുന്നു. ചാറ്റിങ്ങിലൂടെ വീടും സ്ഥലവും മനസ്സിലാക്കിയെടുത്താൽ ദുരുപയോഗം ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാവും.
അണുകുടുംബങ്ങളിൽ രക്ഷിതാക്കൾ ജോലിക്കു പോകുന്നതോടെ തനിച്ചാവുന്നത് ഒഴിവാക്കാനായി മുൻകരുതലെടുക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. കുട്ടികൾ വീടിനു പുറത്തു പോകുന്നുണ്ടെങ്കിൽ അത് നിരീക്ഷിക്കാനുമാവണം. ഇൻറർനെറ്റ്, മൊബൈൽ ഫോൺ എന്നിവ ദുരുപയോഗം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ആൺകുട്ടികളുടെ കൂട്ട് മുതിർന്നവരുമായിട്ടാണെങ്കിൽ ലഹരിയിലേക്ക് വഴുതാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. കുട്ടികളെ ദുരുപയോഗം ചെയ്തവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാറുണ്ടെങ്കിലും രണ്ടാം ഘട്ടത്തിലോ മൂന്നാം ഘട്ടത്തിലോ ഒത്തുതീർക്കുന്ന പ്രവണത കൂടുതലാണ്. വിവിധ ഏജൻസികൾ കുട്ടികളെ സഹായിക്കാനായി സജീവമാണെങ്കിലും വർഷംതോറും കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടായിട്ടില്ലെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.