തിരുവനന്തപുരം: ഒഴിവുകളിലേക്ക് അധ്യാപക ബാങ്കിൽനിന്ന് നിയമനത്തിനായി കൊണ്ടുവന്ന വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതികളിൽ ഭൂരിഭാഗവും ഹൈകോടതി ശരിവെച്ചതോടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനം ഏറക്കുറെ പൂർണമായും സർക്കാർ നിയന്ത്രണത്തിലായി. നിയമനാധികാരം കൈവിട്ടതോടെ വിധിക്കെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ മാനേജ്മെൻറ് അസോസിയേഷനും തീരുമാനിച്ചു. തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ പുനർവിന്യാസത്തിനായി സർക്കാർ നടപ്പാക്കിയ അധ്യാപക പാക്കേജ് നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സർക്കാർ കെ.ഇ.ആർ ഭേദഗതി കൊണ്ടുവന്നത്. ഇതുപ്രകാരം 1979 മേയ് 22ന് ശേഷം പുതുതായി വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിൽ ഭാവിയിൽ വരുന്ന മുഴുവൻ ഒഴിവുകളിലേക്കും സംരക്ഷിത അധ്യാപകരെ ഉൾപ്പെടുത്തി തയാറാക്കിയ അധ്യാപക ബാങ്കിൽനിന്ന് സർക്കാർ നിയമിക്കും. 1979ന് മുമ്പ് തുടങ്ങിയ സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടാകുന്ന രണ്ട് അധിക തസ്തികകളിൽ 1:1 എന്ന അനുപാതത്തിൽ സർക്കാറിന് ബാങ്കിൽനിന്ന് നിയമിക്കാം.
എന്നാൽ, കോടതിവിധിയിലൂടെ 1979ന് മുമ്പുള്ള സ്കൂളുകളിലെ അധിക തസ്തികകൾ എന്നതിന് പകരം എല്ലാതരം തസ്തികകളിലും 1:1 എന്ന അനുപാതത്തിൽ സർക്കാറിന് നിയമനം നടത്താനുള്ള സാഹചര്യവുമൊരുങ്ങി. നേരത്തേ സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെ ഇത്തരം സ്കൂളുകളിൽ രാജി, റിട്ടയർമെൻറ്, മരണം എന്നിവ വഴിയുണ്ടാകുന്ന മുഴുവൻ ഒഴിവുകളിലേക്കും മാനേജ്മെൻറിനു തന്നെ നിയമനം നടത്താം. എന്നാൽ, കോടതിവിധിയിലൂടെ അധിക തസ്തികക്ക് പുറമെ മറ്റ് ഒഴിവുകളിലേക്കും 1:1 എന്ന അനുപാതത്തിൽ സർക്കാറിന് ബാങ്കിൽനിന്ന് നിയമനം നടത്താം. ഇതുൾപ്പെടെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറ് അസോസിയേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്. 1979ന് ശേഷം വന്ന എയ്ഡഡ് സ്കൂളുകളിൽ വരുന്ന എല്ലാതരം ഒഴിവുകളിലും അധ്യാപക ബാങ്കിൽനിന്ന് സർക്കാറിന് മാത്രമേ നിയമനം നൽകാനാകൂ. ഇതോടെ ഇത്തരം സ്കൂളുകളിൽ നിയമനാധികാരം പൂർണമായും മാനേജ്മെൻറുകളുടെ നിയന്ത്രണത്തിൽ പോവുകയും സർക്കാറിന് ലഭിക്കുകയും ചെയ്തു.
എന്നാൽ, 2016 -17 വർഷത്തെ തസ്തിക നിർണയത്തിന് തൊട്ടുമുമ്പത്തെ വർഷത്തെ തസ്തിക നിർണയം തന്നെ തുടരണമെന്ന സർക്കാർ വ്യവസ്ഥ കോടതി റദ്ദാക്കിയിട്ടുണ്ട്. ഇൗ വ്യവസ്ഥ കാരണം കുട്ടികൾ വർധിച്ച സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ തടസ്സം നേരിട്ടിരുന്നു. കുട്ടികൾ കുറഞ്ഞ സ്കൂളുകളിൽ പഴയ തസ്തികകൾ നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ടായി. ഒഴിവുകളിലേക്ക് അധ്യാപക ബാങ്കിൽനിന്ന് നിയമിക്കാൻ ആളില്ലെങ്കിൽ ഒഴിച്ചിടണെമന്ന വ്യവസ്ഥയും കോടതി റദ്ദാക്കി. എന്നാൽ, ഇൗ ഒഴിവിലേക്ക് മാനേജ്മെൻറിന് നിയമനാധികാരമുണ്ടോ എന്ന കാര്യത്തിൽ വിധിയിൽ വ്യക്തതയില്ലെന്നും മാനേജ്മെൻറ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും അപ്പീലിൽ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.