മാണിഗ്രൂപ് ത്രിശങ്കുവിലായിപ്പോയി. സഭയിൽ വില്ലനും നായകനും കെ.എം. മാണിയായിരുന്നു. അതികായനായ ഇൗ മുൻ ധനമന്ത്രിക്കെതിരെ പണ്ട് നടന്ന കൈയാങ്കളി, സുപ്രീംകോടതിവിധിയുടെ രൂപത്തിൽ വീണ്ടും സഭയിൽ ചർച്ചയായപ്പോൾ ആർത്തുവിളിക്കാൻ എന്തു കൊണ്ടും അവകാശമുള്ള അനുയായികൾക്ക് പക്ഷേ ശബ്ദമില്ലാതായിേപ്പായി. മാണിയെ ആയുധവും പരിചയുമാക്കി പ്രതിപക്ഷം നടത്തിയ പയറ്റിൽ പിടിച്ചുനിൽക്കാൻ മുഖ്യമന്ത്രിക്കും ഭരണമുന്നണിക്കും 'സഭാംഗങ്ങളുടെ അവകാശങ്ങളെ' ആശ്രയിക്കേണ്ടിവന്നു.
'ആന കരിമ്പിൻകാട്ടിൽ കയറിയപോലെ' എന്ന പ്രയോഗത്തിന് പി.ടി. തോമസ് 'ശിവൻകുട്ടി സഭയിൽ കയറിയതുപോലെ' എന്ന് പാഠഭേദം വരുത്തിയപ്പോൾ സഭയിൽ ചിരിപൊട്ടി. വിദ്യാഭ്യാസമന്ത്രിയുടെ ഇൗ ചെയ്തികൾ സർക്കാറിെൻറ വിക്ടേഴ്സ് ചാനലിൽ കാണിക്കണമെന്നും അതുകണ്ട് 'ശിവൻകുട്ടിമാമ്മനെ' കുട്ടികൾ മാതൃകയാക്കണമെന്നും പറഞ്ഞ പി.ടി, ഇതൊക്കെ വിദേശ സർവകലാശാലകൾ അറിഞ്ഞാൽ കേരളത്തിലെ കോഴ്സുകളുടെ അംഗീകാരം പിൻവലിക്കുമോയെന്ന ആശങ്കയുമുന്നയിച്ചു.
പ്രശ്നത്തെ സഭയുടെ പൊതു വിഷയമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം. സഭയിലെ പ്രശ്നങ്ങൾ അതിനുള്ളിൽ തീർക്കാതെ പുറത്തുകൊണ്ടുപോകുന്നത് അന്തസ്സിനു ചേർന്നതല്ല എന്ന മുഖ്യമന്ത്രിയുടെ വാദം കേസ് തോറ്റുകഴിഞ്ഞ് കോടതി വരാന്തയിൽനിന്ന് നിയമവകുപ്പുകൾ പറയുന്ന വക്കീലിേൻറതു പോലെയേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കാണാനാകൂ. 'അഴിമതി മാണി, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിൽ പോകു'മെന്ന വി.എസിെൻറ ശാപവും മറ്റു വിശേഷണവും ഒാർമിപ്പിച്ച സതീശൻ, 'നാണമുണ്ടോ നിങ്ങൾക്ക് ഇവരോടൊപ്പമിരിക്കാൻ?' എന്നു ചോദിച്ചപ്പോൾ മാണി ഗ്രൂപ് െബഞ്ചുകൾ മൗനം ഭജിച്ചു. വിവിധ നിയമസഭകളിലും പാർലമെൻറിലും നടന്ന ൈകെയാങ്കളികളുടെ ലിസ്റ്റ് മുഴുവൻ വായിച്ച മുഖ്യമന്ത്രിയോട്, എം.വി. രാഘവനെ സഭയിൽ ചവിട്ടിക്കൂട്ടിയ സംഭവം കൂടി അതിൽ ചേർക്കണമെന്നായി പ്രതിപക്ഷ നേതാവ്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി നിന്ന പ്രതിപക്ഷം പിന്നീട്, നടപടികൾ ബഹിഷ്കരിച്ച് പുറത്തുപോയി. സഭയിൽ മുദ്രാവാക്യം വിളിച്ച് ശല്യമുണ്ടാക്കുന്നത് സുപ്രീംകോടതിയുടെ വിധിക്കെതിരാണെന്ന മന്ത്രി പി. രാജീവിെൻറ പരാമർശം പ്രതിപക്ഷവാശി കൂട്ടിയതേയുള്ളു.
പിന്നീട്, ധനാഭ്യർഥന ചർച്ചയിലാണ്, മാണിഗ്രൂപ്പിെൻറ ശബ്ദം ജോബ്മൈക്കിളിലൂടെ പുറത്തുവന്നത്. കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തി വിജിലൻസ് കേസിൽപെടുത്തിയത് പാർട്ടിയെ ഇല്ലാതാക്കാനാണെന്ന് കണ്ട്, മാണിസാർ തന്നെ മുന്നണിയിൽ നിന്നുവിട്ടുനിന്നത് മൈക്കിൾ ഒാർമിച്ചു. ചങ്ങനാശ്ശേരി ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ചില നേതാക്കൾ മാണിസാറിനെ പാലായിൽ വന്നുകണ്ട് ധൃതരാഷ്ട്രാലിംഗനം നടത്തി. അതും ചതിയായിരുന്നു എന്നറിഞ്ഞത്, അദ്ദേഹത്തിെൻറ കാല ശേഷമാണ്. 'യു.ഡി.എഫുകാർ തിരുവനന്തപുരത്തേക്കുള്ള വണ്ടിയിൽ കയറ്റി കൊട്ടാരക്കരെ ഇറക്കി വിടാനാണ് ശ്രമിക്കുന്നതെന്ന് കണ്ട് ഞങ്ങൾ എൽ.ഡി.എഫിെൻറ എയർ കണ്ടീഷൻറ് ബസിൽ കയറുകയായിരുന്നുവെന്നും ഇപ്പോൾ സുഖയാത്രയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു!'
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.