?????? ?????????

ഫിദല്‍ കാസ്ട്രോ, ക്യൂബ, ചെഗുവേര തുടങ്ങിയ വാക്കുകള്‍ കേവലം വാക്കുകളോ വ്യക്തികളോ എന്നതിനപ്പുറത്ത് വിപ്ലവത്തിന്‍െറ ബിംബങ്ങളായും പ്രതീകങ്ങളായും സങ്കല്‍പിക്കാനായിരുന്നു ഞങ്ങളുടെ തലമുറക്ക് ഇഷ്ടം. ചെഗുവേരയുടെ ബൊളീവിയന്‍ ഡയറിയെ സംബന്ധിച്ച് കോളജ് കാലഘട്ടത്തില്‍തന്നെ വളരെ കൗതുകത്തോടു കൂടിയും അവിശ്വസനീയതയോടെയുമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ഗ്രാന്മ എന്ന പായ്ക്കപ്പലില്‍ കയറി വിപ്ലവം നയിക്കാന്‍ ഗറില സംഘം പോയതും അവര്‍ രാഷ്ട്രം വെട്ടിപ്പിടിച്ചതും സോഷ്യലിസം സ്ഥാപിച്ചതും അവിടത്തെ മന്ത്രിയായി അധികാരത്തിലിരിക്കുമ്പോള്‍ ഇനി തന്‍െറ ചുമതല ഇവിടെ അവസാനിച്ചിരിക്കുന്നുവെന്നു പറഞ്ഞ് അധികാരപദവികള്‍ ഉപേക്ഷിച്ച് തൊട്ടടുത്ത രാജ്യത്തെ വിപ്ലവം നയിക്കാന്‍ പോവുകയും ചെയ്ത നേതാവായിരുന്നു ചെഗുവേര. പലപ്പോഴും വിദ്യാര്‍ഥിസംഘടന ചര്‍ച്ചക്കിടയില്‍ ത്യാഗസുരഭിലമായ വിപ്ലവ പ്രവര്‍ത്തനത്തിന്‍െറ ഉദാഹരണമായി ഇതാണ് ഉദ്ധരിച്ചിരുന്നത്. മന്ത്രിയുടെ അധികാരസ്ഥാനങ്ങള്‍ ഉപയോഗിക്കവേ അതുപേക്ഷിച്ച് വിപ്ലവ പ്രവര്‍ത്തനത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ചെഗുവേരയെ പോലെയായിരിക്കണം വിപ്ലവകാരികളെന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു.

ചെഗുവേരയുടെ നാട്, ഫിദല്‍ കാസ്ട്രോ ദീര്‍ഘകാലം പൊരുതിനില്‍ക്കുന്ന നാട്, ചെഗുവേരയെ കാണാന്‍ സാധിക്കില്ലെങ്കിലും അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകനും പോരാളിയുമായ ഫിദല്‍ കാസ്ട്രോ- ഇതൊക്കെ കാണണമെന്ന ആഗ്രഹം എല്ലാവരുടെയും മനസ്സിലുള്ളതുപോലെ എന്‍െറ മനസ്സിലും വളരെ ശക്തമായിരുന്നു. ജീവിതത്തില്‍ അങ്ങനെയൊരു അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെങ്കിലും രണ്ടു തവണ ക്യൂബ സന്ദര്‍ശിച്ചു. ക്യൂബന്‍ ജനതയുമായി അടുത്തിടപഴകാനും ഫിദല്‍ കാസ്ട്രോയുടെ പ്രസംഗം കേള്‍ക്കാനുമെല്ലാം അവസരം ലഭിച്ചു. അക്ഷരാര്‍ഥത്തില്‍ ക്യൂബന്‍ ജീവിതത്തില്‍ ഇഴുകിച്ചേരുകയായിരുന്നു ഞങ്ങള്‍. വിപ്ളവത്തിനും വിപ്ലവത്തിന്‍െറ അനന്തരഫലമായ സോഷ്യലിസത്തിനും വേണ്ടി അങ്ങേയറ്റത്തെ ത്യാഗം അനുഭവിക്കുന്ന ജനതയാണ് ക്യൂബയിലേതെന്നാണ് എനിക്ക് തോന്നിയത്. കാരണം വിപ്ലവം, വിപ്ലവാനന്തര സാമൂഹിക ജീവിതം എന്നിവയൊക്കെ ആസ്വാദ്യകരമായ ഒരു അനുഭവമായിട്ടല്ല അവരെ സ്വാധീനിച്ചത്. വര്‍ണശബളമായ ഒരു ലോകത്തുനിന്ന് സൗകര്യങ്ങളും ഭൗതികവളര്‍ച്ചയും കുറഞ്ഞൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതിയാണ് ഞങ്ങള്‍ക്കവിടെയുണ്ടായത്. വ്യാപകമായ ദൃശ്യമാധ്യമങ്ങളുടെ പ്രളയം, ടെക്നോളജി വളര്‍ച്ചയുടെ ഭാഗമായി കിട്ടുന്ന പുതിയ സംവിധാനങ്ങള്‍, അതിന്‍െറ അനുബന്ധമായ സുഖസൗകര്യങ്ങള്‍ ഇതൊന്നും അവിടെയുണ്ടായിരുന്നില്ല. എങ്കിലും അവരെല്ലാം അങ്ങേയറ്റം തൃപ്തരായിരുന്നു, സന്തോഷവാന്മാരായിരുന്നു. അവിടെയാണ് ഫിദല്‍ കാസ്ട്രോയെന്ന നേതാവിന്‍െറ ശക്തി ഞങ്ങള്‍ക്ക് മനസ്സിലായത്.

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍നിന്ന് 40 കി.മീ. അകലെയുള്ള ക്യാമ്പിലായിരുന്നു ഞങ്ങളുടെ താമസം. പലപ്പോഴും ഹവാനയിലേക്കുള്ള യാത്രയില്‍ റോഡരികില്‍ പണമുയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ കാത്തുനില്‍ക്കുന്നത് കാണാം. അപ്പോഴൊക്കെ വാഹനം അവരെ കയറ്റിക്കൊണ്ടു പോകുമായിരുന്നു. യാത്രക്കായി ഒരു വാഹനത്തിന് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്ന ഒരു രാജ്യത്തെ എന്തിനാണ് നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന് പലപ്പോഴും ഞങ്ങള്‍ ചോദിച്ചിരുന്നു. ക്യൂബന്‍ സോഷ്യലിസത്തെ സംബന്ധിച്ച പരാതിയോ കുറ്റങ്ങളോ എന്തെങ്കിലും ലഭിക്കുക എന്നതായിരുന്നു ആ ചോദ്യങ്ങളുടെ ലക്ഷ്യം. പക്ഷേ, ഒരാള്‍പോലും അവരുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് പറയാന്‍ തയാറായിരുന്നില്ല. മാത്രമല്ല, വസ്തുനിഷ്ഠമായ കണക്കുകള്‍ നിരത്തി ദാരിദ്ര്യത്തെയും ബുദ്ധിമുട്ടുകളെയും പ്രതിരോധിക്കുകയായിരുന്നു. പലരും പറഞ്ഞു: ‘‘ഞങ്ങള്‍ക്ക് കരിമ്പ് മാത്രമാണുള്ളത്. ഞങ്ങളുടെ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ അമേരിക്ക സമ്മതിക്കുന്നില്ല. ഞങ്ങളുടെ നിക്കല്‍ ഉപയോഗിച്ച് ലോകത്ത് എവിടെയെങ്കിലും കാര്‍ നിര്‍മിച്ചാല്‍ അവ ഇറക്കുമതിചെയ്യാന്‍ അമേരിക്ക സമ്മതിക്കുന്നില്ല.

ഞങ്ങള്‍ക്ക് വാഹനവും ഇന്ധനവും നിഷേധിക്കുന്നു, ഞങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. നാലു പതിറ്റാണ്ടായി ഉപരോധിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്‍െറ സ്വാഭാവികമായ അനുഭവങ്ങളായി ഞങ്ങളിതിനെ സ്വീകരിക്കുകയാണ്’’. ഇങ്ങനെയൊരു ത്യാഗം സഹിച്ച് എന്തിനാണ് നിങ്ങള്‍ ഈ രാജ്യത്തിന്‍െറ സോഷ്യലിസം സംരക്ഷിക്കുന്നതെന്ന മറുചോദ്യം ഉന്നയിച്ചപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചത്, ‘നിങ്ങളിവിടെ വന്നിട്ട് എത്രദിവസമായെന്നാണ്’. ആഴ്ചകളോളമായെന്ന മറുപടിക്കുശേഷം അവര്‍ പറഞ്ഞു: ‘‘തെരുവുതെണ്ടികളെ നിങ്ങളിവിടെ കണ്ടോ? പട്ടിണിക്കാരെ കാണാന്‍ പറ്റിയോ? ദിശാബോധമില്ലാത്ത യുവത്വം തെരുവില്‍ അലഞ്ഞുനടന്നത് കണ്ടിരുന്നോ?’’ ജീവിതത്തിന്‍െറ അടിസ്ഥാന പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ മറികടന്നിരിക്കുന്നുവെന്ന് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമുള്ള ആളുകള്‍ വരെ പറയുന്ന നിലയിലേക്ക് ഒരു രാജ്യത്തെ ബഹുജന വിദ്യാഭ്യാസംകൊണ്ട് നയിക്കുകയാണ് കാസ്ട്രോ ചെയ്തതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഈ ബഹുജന വിദ്യാഭ്യാസത്തിന്‍െറ വക്താവായിരുന്നു യഥാര്‍ഥത്തില്‍ ഫിദല്‍ കാസ്ട്രോ. ഒരു നേതാവ് അല്ളെങ്കില്‍ ഒരു നേതൃത്വം എടുക്കുന്ന തീരുമാനങ്ങള്‍ സ്വന്തം അണികളിലേക്കും പൊതുജനങ്ങളിലേക്കും പൂര്‍ണമായ തോതില്‍ വികിരണം ചെയ്യാന്‍ കഴിയുന്നതിലാണ് ഒരു നേതൃത്വത്തിന്‍െറ യഥാര്‍ഥവിജയം. നേതാവിനെ അന്തമായി അനുസരിക്കുകയല്ല, ഭയത്തോടുകൂടി പിന്തുണക്കുകയുമല്ല. പകരം അദ്ദേഹം പറയുന്നത് അതിനെക്കാള്‍ തീവ്രതയോടും ശക്തിയോടുംകൂടി ഉള്‍ക്കൊണ്ട് നിലപാട് സ്വീകരിക്കുന്ന മനുഷ്യരെയാണ് ഞങ്ങള്‍ അവിടെ കണ്ടത്. അതായത്, ഫിദല്‍ കാസ്ട്രോയുടെ നിലപാടുകള്‍ ക്യൂബയുടെ ആകെ നിലപാടുകളാക്കി മാറ്റുന്നതില്‍ വിജയിച്ച അപൂര്‍വമായൊരു പ്രതിഭയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്‍െറ പ്രസംഗശേഷി അങ്ങേയറ്റം അവിശ്വസനീയമായൊരു പ്രവാഹമായിരുന്നു. ലോകം സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചക്കുശേഷം കമ്യൂണിസത്തെ ഉപേക്ഷിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ പേരുകള്‍തന്നെ മാറ്റുകയും ചെയ്തപ്പോള്‍ ലോകം എത്രത്തോളം വലത്തോട്ടുപോകുന്നുവോ ഞാന്‍ അത്രത്തോളം ഇടത്തോട്ടുപോകും എന്ന് പ്രഖ്യാപിക്കുകയും സ്വന്തം അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്ത പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്‍േറത്. യുവജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഞങ്ങള്‍ മണിക്കൂറുകളോളം കേള്‍ക്കുകയുണ്ടായി. സ്പാനിഷ് ഭാഷയിലായിരുന്നു അദ്ദേഹത്തിന്‍െറ പ്രസംഗമെങ്കിലും ശരീരഭാഷയും പ്രസംഗിക്കുന്ന ആശയങ്ങളോടുള്ള പ്രതിബദ്ധതയും ഏതു മനുഷ്യന്‍െറ മനസ്സിനെയും കീഴടക്കുന്നതായിരുന്നു. മറ്റൊന്ന് അദ്ദേഹം കാണിച്ച ജനസൗഹൃദ നിലപാടായിരുന്നു. ബ്യൂറോക്രസി അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കൊച്ചുകുട്ടികള്‍ തൊട്ട് എല്ലാവരോടും ‘കോമ്രേഡ്’ എന്ന നിലപാടു തന്നെയായിരുന്നു അദ്ദേഹത്തിന്‍േറത്. മാര്‍ക്സിസം- ലെനിനിസം യാന്ത്രികമായി ഉള്‍കൊള്ളാതെ സ്വന്തം നാടിന്‍െറ ജീവിതസംസ്കാരവുമായി അതിനെ ബന്ധപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ആ നിലയില്‍ പ്രാദേശിക സര്‍ഗാത്മകതയുടെ ഏറ്റവും ഉദാത്തമായ സോഷ്യലിസ്റ്റ് മാതൃകയാണ് അദ്ദേഹമെന്ന് പറയാം.

താന്‍ ജീവിക്കുന്ന, തന്‍െറ പ്രസ്ഥാനം ശക്തിപ്പെടേണ്ട, സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ലാറ്റിനമേരിക്കന്‍ മണ്ണിന്‍െറ പ്രത്യേകതകളോടാണ് അദ്ദേഹം ഏറ്റവും അടുത്ത നിലപാട് സ്വീകരിച്ചത്. മതവുമായുള്ള അദ്ദേഹത്തിന്‍െറ ബന്ധവും അതിനുദാഹരണമായിരുന്നു. അദ്ദേഹം നിരീശ്വരവാദമല്ല നിലപാടായി സ്വീകരിച്ചത്. കാത്തോലിക്ക സഭ സോഷ്യലിസത്തിന്‍െറ ശത്രുക്കളായി മാറുന്നുവെന്ന് തോന്നുന്ന ഘട്ടത്തിലാണ് അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചത്. അദ്ദേഹം മതേതരത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്, മതനിരാസമല്ല. അതുകൊണ്ടുതന്നെയാണ് ലാറ്റിനമേരിക്കയില്‍നിന്ന് പുറപ്പെട്ട ലിബറേഷന്‍ തിയോളജി അഥവാ വിമോചന ദൈവശാസ്ത്രത്തെ കാസ്ട്രോ രാഷ്ട്രീയ ചാലകശക്തിയാക്കി മാറ്റിയത്. അന്നേവരെ ക്രിസ്ത്യാനിറ്റിയുടെ ഭാഗമായി നില്‍ക്കുകയും നന്മക്കും നീതിക്കും വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ മതപ്രബോധനം മാത്രമായിരുന്നു അത്. ഫിദല്‍ കാസ്ട്രോയുടെ ഊര്‍ജമാണ് വിമോചന ദൈവശാസ്ത്രത്തിന് ലാറ്റിനമേരിക്കയിലാകെ വന്‍ പ്രാധാന്യം കൊടുത്തത്. ക്യൂബന്‍ വിപ്ളവത്തിന്‍െറ 60ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഒരു കൈയില്‍ പതാകയും മറുകൈയില്‍ കുരിശുമായി അതില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീകളെ കാണുകയുണ്ടായി.

ഊഗോ ചാവെസിന്‍െറ വിശ്വാസവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിച്ചത് ക്രിസ്ത്യാനിയായി നിന്നുകൊണ്ട് സോഷ്യലിസ്റ്റാകാമെന്ന് തെളിയിച്ച കാസ്ട്രോയായിരുന്നു. ഇങ്ങനെ പ്രാദേശിക ജീവിതരീതികളോടും വിമോചന ദൈവശാസ്ത്രത്തോടുമൊക്കെ അടുത്തുനിന്ന് മതവുമായുള്ള കമ്യൂണിസത്തിന്‍െറ ബന്ധത്തെ പുതുക്കിപ്പണിയുന്ന പ്രക്രിയക്കും അദ്ദേഹം നേതൃത്വം കൊടുത്തു. മാര്‍പാപ്പമാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ശത്രുത പുലര്‍ത്തുകയല്ല ചെയ്തത്. ഒരുപക്ഷേ, അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ ഒരുല്‍പന്നമായി ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാവുന്നതാണ്. 10 വര്‍ഷം മുമ്പ് കാസ്ട്രോയോട്് ചോദിച്ച ചോദ്യം ഓര്‍മവരുന്നു, ‘എന്നാണ് ക്യൂബയുടെ ദുരന്തം അവസാനിക്കുക?’ ആ മറുപടിയിങ്ങനെ, ‘അമേരിക്കക്ക് ഒരു കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്‍റുണ്ടാവുകയും വത്തിക്കാനില്‍ ലാറ്റിനമേരിക്കയില്‍നിന്ന് ഒരു മാര്‍പാപ്പ വരുകയും ചെയ്താന്‍ ക്യൂബയെ അമേരിക്കക്ക് അംഗീകരിക്കേണ്ടിവരും’. അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. സൂക്ഷ്മത, ദീര്‍ഘവീക്ഷണം, പ്രാദേശിക സര്‍ഗാത്മകത, ജനസൗഹൃദ ബന്ധങ്ങള്‍, ബഹുജനങ്ങളെയാകെ കൂടെനിര്‍ത്തുന്ന രാഷ്ട്രീയ ശൈലി ഇങ്ങനെ ലോകത്താകമാനമുള്ള വിപ്ളവകാരികള്‍ക്ക് അസാധാരണമായ ശക്തിപകരുന്ന സാന്നിധ്യമായിരുന്നു എന്നും ഫിദല്‍ കാസ്ട്രോ. ഫിദല്‍ കേവലമൊരു ഗറില പോരാളിയല്ല. ഒരു പ്രത്യയശാസ്ത്ര പ്രതിരോധം സൃഷ്ടിക്കുന്ന മഹാപര്‍വതം തന്നെയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍െറ ജീവിതം തെളിയിച്ചിരിക്കുന്നത്.
തയാറാക്കിയത്: അനസ് അസീന്‍

Tags:    
News Summary - kerala assembly speaker p sreeramakrishnan remember cuban leader fidel castro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.