നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൊമ്പുകോര്‍ക്കല്‍

തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച ഭരണ-പ്രതിപക്ഷ കൊമ്പുകോര്‍ക്കല്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മന്ത്രി ജി. സുധാകരനും തമ്മിലുണ്ടായ ഉരസല്‍ പരിധി വിടുമെന്ന് തോന്നിയെങ്കിലും ഇരുപക്ഷവും സംയമനം പാലിച്ച് അതൊഴിവാക്കി. കഴിഞ്ഞദിവസം സ്പീക്കര്‍ വിളിച്ച യോഗത്തെചൊല്ലിയും തര്‍ക്കം നടന്നു.അതില്‍ മാധ്യമങ്ങളെക്കൂടി കക്ഷിയാക്കാന്‍ മുഖ്യമന്ത്രി  ശ്രദ്ധിക്കുകയും ചെയ്തു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷനേതാവ്  സംസാരിക്കുന്നതിനിടെയായിരുന്നു പ്രകോപനമുണ്ടാക്കിയ പരാമര്‍ശം.

തലവരിപ്പണം വാങ്ങുന്നില്ളെന്ന് പറയുന്ന മുഖ്യമന്ത്രി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന ചോദ്യമാണ് മന്ത്രി സുധാകരനെ ചൊടിപ്പിച്ചത്. പ്രതിപക്ഷനേതാവ് മൂന്നുദിവസമായി മുഖ്യമന്ത്രിയെക്കുറിച്ച് പലതും പറയുകയാണെന്ന് അദ്ദേഹം  കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഏതു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നാണ് ചോദ്യമെങ്കില്‍ ചെന്നിത്തല ഏതു നരകത്തിലാണെന്നാണ് തന്‍െറ ചോദ്യമെന്ന് സുധാകരന്‍ പറഞ്ഞു.  സുധാകരന് എന്തും പറയാമെന്നും  മറുപടി അര്‍ഹിക്കുന്നില്ളെന്നുമായിരുന്നു ചെന്നിത്തലയുടെ തിരിച്ചടി. ഇതില്‍ ക്ഷുഭിതനായ സുധാകരന്‍ ‘മറുപടിയില്ളെന്ന് പറയാന്‍ ഇയാള്‍ ആരാണെന്ന്’ ചോദിച്ച് രൂക്ഷമായ പരാമര്‍ശങ്ങളും നടത്തി. മുഖ്യമന്ത്രി കൂടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഒരേ വിഷയത്തില്‍  അടിയന്തര പ്രമേയത്തിന് ശ്രമിക്കുന്നതിനെതിരെ മന്ത്രി എ.കെ. ബാലന്‍ രംഗത്തുവന്നതും തര്‍ക്കത്തിന് ഇടയാക്കി. സോളാര്‍ വിഷയത്തില്‍ ബാലന്‍ മൂന്നുതവണ അടിയന്തരപ്രമേയനോട്ടീസ് നല്‍കിയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സോളാര്‍ വിഷയത്തില്‍ ഒരു അടിയന്തരപ്രമേയ നോട്ടീസു പോലും നല്‍കിയിട്ടില്ളെന്ന് ബാലന്‍ ഉറപ്പിച്ചു പറഞ്ഞതോടെ ചെന്നിത്തല തടിതപ്പി. ആറു തവണ അന്നത്തെ പ്രതിപക്ഷം  നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് തിരുത്തിയായിരുന്നു പിന്‍മാറ്റം.

വി.ടി. ബല്‍റാം നടത്തിയ ചില പരാമര്‍ശങ്ങള്‍ ശരിയല്ളെന്ന് സ്പീക്കറും വ്യക്തമാക്കി. കഴിഞ്ഞദിവസം സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ളെന്നായിരുന്നു ബല്‍റാമിന്‍െറ ആക്ഷേപം. ഇതിനെ മുഖ്യമന്ത്രി ഖണ്ഡിച്ചു. സ്പീക്കര്‍  യോഗം വിളിച്ചതായി മാധ്യമങ്ങളില്‍ കണ്ടുവെന്നും ഏതു യോഗമാണെന്ന് തനിക്ക് അറിയില്ളെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യോഗം സ്പീക്കര്‍ വിളിച്ചിട്ടില്ല. തന്നെ വിളിച്ചിട്ടും ഇല്ല. പല കാര്യങ്ങള്‍ക്കും ഇവിടെ ചില മാധ്യമങ്ങള്‍ ബുദ്ധി ഉപദേശിച്ചു നല്‍കാറുണ്ട്. അതു കേട്ടുവരുന്നതുകൊണ്ടുണ്ടായ പ്രശ്നമാണിത്. ആ അപഹാസ്യത ബോധ്യപ്പെട്ടാല്‍ മതി.  ഏതോ മാധ്യമം എഴുതിയത് അപ്പടി സ്വീകരിച്ചതിനാലാണ് പ്രതിപക്ഷത്തിന് അബദ്ധം പറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് മാധ്യമവാര്‍ത്തയും പ്രസ്താവനയുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും  അറിയിച്ചു. എം.എല്‍.എ മാരുടെ സമരം അവസാനിപ്പിക്കാന്‍  കൂടിയാലോചനകള്‍ നടത്തിയിരുന്നു. കക്ഷിനേതാക്കളുടെയോഗം വിളിക്കുകയോ മുഖ്യമന്ത്രിയെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ പറഞ്ഞിരുന്നു.

സ്പീക്കര്‍ യോഗം വിളിച്ചാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുക്കാറുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.  ഇനി യോഗം വിളിച്ചാലും തങ്ങള്‍ പങ്കെടുക്കും. എന്നാല്‍ ഭരണപക്ഷം വരുമോയെന്ന് നോക്കിയാല്‍ മതിയെന്നും  അദ്ദേഹം തുടര്‍ന്നു. ഈ പരാമര്‍ശം ദുരുദ്ദേശ്യപരമാണെന്ന് മന്ത്രി ബാലന്‍ പറഞ്ഞെങ്കിലും കൂടുതല്‍ ചര്‍ച്ചഉണ്ടായില്ല. ബല്‍റാം പ്രസംഗിക്കുമ്പോള്‍ ഇരുപക്ഷത്തെയും യുവനിര എഴുന്നേറ്റുനിന്ന് ബഹളം ഉണ്ടാക്കി.  തലവരിയുണ്ടെന്ന് സമ്മതിച്ച മന്ത്രി ശൈലജയുടെ നടപടിയാണ് പ്രതിപക്ഷത്തിന് പിടിവള്ളിയായത്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ളെന്ന് മന്ത്രി പിന്നീട് പറഞ്ഞു.

Tags:    
News Summary - kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.