തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടറും കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്രസാഹിത്യകാരനുമായിരുന്ന ടി.കെ. കൊച്ചുനാരായണൻ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ലെയിൻ വൈശാഖത്തിൽ (ഹൗസ് നമ്പർ 15) ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ ആലങ്ങാട് (കടമ്പഴിപ്പുറം) സ്വദേശിയാണ്. ഗണിതശാസ്ത്രപുസ്തകങ്ങളടക്കം അമ്പതോളം വൈജ്ഞാനികപുസ്തകങ്ങളുടെ രചയിതാവാണ്. ‘ചീറാപ്പു കഥകൾ’ എന്ന ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈജ്ഞാനികപരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയർ ഗൈഡൻസ് പരമ്പര ‘വഴികാട്ടി’, പാഠ്യപദ്ധതിപരിഷ്കാരം പരിചയപ്പെടുത്തിയ പരിശീലന പരമ്പരകളായ ‘കറുക’, ‘പഠനം പാൽപ്പായസം’, കൃഷിപദ്ധതി പരിചയപ്പെടുത്തിയ ‘കഞ്ഞിക്കുഴിയുടെ വിജയഗാഥ’, കേരളത്തിലെ പുഴകളെപ്പറ്റിയുള്ള ‘ഒഴുക്കിന്റെ അശാന്തത’, പ്രമുഖ ഗണിതജ്ഞനായ ജോർജ് ഗീവർഗീസ് ജോസഫിലൂടെ മധ്യകാലകേരളത്തിലെ ഗണിതപാരമ്പര്യം മലയാളികൾക്കു പരിചയപ്പെടുത്തിയ ‘വിൻഡോസ് ടു ദ ഈസ്റ്റ്’ തുടങ്ങി ഒട്ടേറെ ടി.വി പരിപാടികളും ഡോക്യുമെന്ററികളും അവതരിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവാഹകസമിതി അംഗവും തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായിരുന്നു. സി-ഡിറ്റിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഡിവിഷൻ ഹെഡായും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവർത്തിച്ചു. പി.ടി. ഭാസ്കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാനകോശത്തിലും പ്രവർത്തിച്ചു. മാനവീയം ഡോക്യൂമെറ്റേഷൻ നിർവഹിച്ചു. ഭാര്യ: എം. ബീന, മകൻ: ടി.കെ. രാജീവ് (എൻജിനീയർ, അമേരിക്ക), ടി.കെ. പാർവതി (എൻജിനീയർ, അമേരിക്ക). മരുമക്കൾ: സി.പി. കിരൺ, മരുമകൾ ഡോ. അനന്യ. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.