ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നതായും അവർ സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്നും ചില സംഭവങ്ങളെ സങ്കുചിത ചിന്താഗതിയോടെ വെട്ടിമാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങൾ വരുംതലമുറ മനസിലാക്കണമെന്നും അവർക്ക്‌ രാജ്യത്തിന്‍റെ നേരായ ചരിത്രം മനസിലാക്കിക്കൊടുക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ സ്‌മാരക മന്ദിരത്തിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരം എന്നത്‌ എല്ലാ മതങ്ങളിൽപ്പെട്ടവരും പെടാത്തവരും വ്യത്യസ്‌ത രാഷ്ട്രീയ ചിന്തകൾ പുലർത്തിയവരുമെല്ലാം ഉൾപ്പെട്ട ദേശീയ പ്രസ്ഥാനമാണ്‌. ഇതിനെ വർഗീയമായി വക്രീകരിച്ച്‌ ചരിത്രത്തെ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കാൻ ചിലർ ശ്രമിക്കുന്നു. അതിനെതിരെ ജാഗ്രത വേണം.

തൂക്കുമരത്തിലേക്ക്‌ നടക്കുമ്പോൾ ഒരു അപേക്ഷ മാത്രമാണ്‌ വക്കം ഖാദർ മുന്നോട്ടുവച്ചത്‌. വധശിക്ഷക്ക് വിധിക്കപ്പെട്ട ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറ്റണമെന്നായിരുന്നു അത്‌. ഹിന്ദു-മുസ് ലിം മൈത്രിക്ക്‌ മാതൃകയാകണമെന്ന് ഖാദറിന് നിർബന്ധമായിരുന്നു. ഇത്‌ ഈ കാലത്ത്‌ വളരെ പ്രസക്തമാണ്‌. മതസൗഹാർദം വെല്ലുവിളി നേരിടുകയും വർഗീയതയുടെ വിദ്വേഷം പടരുകയും ചെയ്യുന്ന കാലമാണിത്‌. ഈ കാലഘട്ടത്തിൽ വക്കം ഖാദറിന്‍റെ കാഴ്‌പ്പാട്‌ മഹത്തരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭഗത്‌ സിങ് മുതൽ വക്കം ഖാദർ വരെയുള്ള ത്യാഗധനരുടെ ജീവന്‍റെ വിലയാണ്‌ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും അനുഭവിക്കുന്ന ഓരോ നിമിഷവും സ്വാതന്ത്ര്യ സമരസേനാനികളെ സ്‌മരിക്കണം. അവർ കൊണ്ട വെയിലാണ്‌ നമ്മുടെ തണലായത്‌. അവരെ മറക്കുന്നത്‌ വലിയ അപരാധമാണ്‌. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ ആരംഭിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിനും സർക്കാറിന്‍റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Tags:    
News Summary - Kerala Chief Minister inaugurate Vakkam Khader National Foundation Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.