പത്തനംതിട്ട: സംസ്ഥാനത്തെ നാട്ടാനകളെ വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുന്നു. ആന ഇടഞ്ഞാൽ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന ഉത്തരവ് വിവിധ കോണുകളിൽനിന്ന് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് നടപടി. നാട്ടാന സ്വകാര്യ മുതലാളിമാരുടേതാണെന്നും അവ വരുത്തുന്ന നഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽേകണ്ടെന്നും മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ഇൗ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടാനയെ വന്യജീവിയാക്കി ഉത്തരവിറങ്ങിയത് ബുധനാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വന്യജീവി ആക്രമണത്തിൽപെടുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലാണ് നാട്ടാനയെ വന്യജീവിയാക്കിയത്. ഇതിൽ നാട്ടാനയുടെ കാര്യം മാത്രമായിരിക്കും പുനഃപരിശോധിക്കുക. വന്യജീവികളും പാമ്പുകളും വരുത്തുന്ന ജീവഹാനിയടക്കമുള്ള നാശത്തിന് നഷ്ടപരിഹാരത്തുക വർധിപ്പിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകേണ്ട 1980ലെ നിയമത്തിെൻറ നിർവചനത്തിലാണ് നാട്ടാനയെയും ഉൾപ്പെടുത്തിയത്. ഇതേസമയം, മന്ത്രിയും വനം വകുപ്പും അറിയാതെ എങ്ങനെ വിഷയത്തിൽ സർക്കാർ ഉത്തരവിറങ്ങിയതെന്ന് ദുരൂഹത സൃഷ്ടിക്കുന്നു. നാട്ടാനകളുടെ കാര്യത്തിൽ സുപ്രീംകോടതിയിലടക്കം നൽകിയ സത്യവാങ്മൂലത്തിന് നേരെ വിപരീതമാണ് ഉത്തരവ്.
നാട്ടാനയെ വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഉടമസ്ഥാവകാശമില്ലാത്ത ആനകളെ പിടികൂടി കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാക്കണമെന്ന് ആനപ്രേമി സംഘം സെക്രട്ടറി വി.കെ. വെങ്കിടാചലം ആവശ്യപ്പെട്ടു. വന്യജീവി പട്ടികയിൽ ഉൾപ്പെടുത്തിയാൽ മാത്രം പോര, നാട്ടാനക്ക് കാട്ടാനയുടെ സ്വാതന്ത്ര്യം അനുവദിക്കണം. സർക്കാർ ഉത്തരവ് നടപ്പാക്കുന്നുവെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം നാശം വരുത്തുന്ന ആനയെ പിടിച്ചെടുക്കണമെന്ന് ഇടുക്കി എസ്.പി.സി.എ സെക്രട്ടറി എം.എൻ. ജയചന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി അറിയാതെയാണ് ഉത്തരവിറങ്ങിയതെങ്കിൽ ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ മാറ്റി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.