കാസർകോട്: പശുവിന് പുല്ലരിയാൻ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കർഷകന് 2000രൂപ പിഴ. മൂന്ന് പൊലീസുകാർ വീട്ടിലെത്തിയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. പിഴ നൽകിയില്ലെങ്കിൽ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്. കാസർകോട് അമ്പലത്തറ പൊലീസാണ് പാവപ്പെട്ട കർഷകെൻറ അന്നംമുട്ടിച്ചത്.
കോടോം-ബെളൂർ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണനോടാണ് പൊലീസിെൻറ കണ്ണിൽ ചോരയില്ലാത്ത നടപടി. ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണെൻറ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റർ പാൽ കിട്ടുന്നത് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലിക്ക് ശ്രമിക്കുന്നതിനാൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ പാൽ വാങ്ങാൻ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാൽ പശുവിന് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു.
25 സെൻറ് പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്കിട്ടശേഷം 46കാരനായ നാരായണൻ പുല്ലരിയാൻ പോകുകയായിരുന്നു. പൂർണമായും വിജനമായ സ്ഥലം. കന്നുകാലികളെ നിങ്ങൾ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലായിരുന്നു ഇദ്ദേഹത്തിെൻറ മനസ്സിൽ.
''പശുവിന് പുല്ലരിഞ്ഞാൽ കോവിഡ് പരക്കുന്നത് എങ്ങനെയാണ്. ക്വാറൻറീനിൽ കഴിയേണ്ട നിങ്ങൾ വേറെ ആരെ കൊണ്ടെങ്കിലും പുല്ല് അരിയാൻ പറയണം എന്നാണ് പൊലീസുകാർ നിർദേശിച്ചത്. ആരാണ് എെൻറ പശുവിന് പുല്ലെരിയാൻ വരിക. എന്ത് മണ്ടത്തരമാണ് പൊലീസ് പറയുന്നത്''- നാരായണൻ മാധ്യമത്തോട് പറഞ്ഞു.
മക്കൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ കടമെടുത്ത ഇയാൾ എങ്ങനെ രണ്ടായിരം രൂപ ഫൈൻ അടക്കുമെന്ന ചിന്തയിലാണ്. ഉപജീവന മാർഗവും വഴിമുട്ടിയിരിക്കയാണ് ഇപ്പോൾ. ഒടുവിൽ അടുത്ത ബന്ധു പിഴ അടക്കുകയായിരുന്നു. ഭാര്യക്ക് കോവിഡ് വന്നിട്ട് 10ദിവസമായെങ്കിലും പശുവിനെ ആര് പരിപാലിക്കുമെന്നാണ് ഇയാളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.