തിരുവനന്തപുരം: കേരളം സാമ്പത്തികമായി തകർന്നെന്ന് പ്രതിപക്ഷം പ്രചാരണം നടത്തുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷം കുറ്റം മാത്രം പറയുന്നു, ഇഷ്ടമല്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന് പറയുന്നത് പോലെയാണിത്. ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
2023-24ൽ നികുതി നികുതിയേതര വരുമാനം 65 ശതമാനം വർധിച്ചു. ഇന്ത്യയിലെ റെക്കോഡ് വർധനയാണ്. ഇതംഗീകരിക്കാൻ പ്രതിപക്ഷത്തിന് വിഷമമുണ്ടാവും. കേരളത്തിന് തരാനുള്ള പണം കേന്ദ്രത്തിൽനിന്ന് കിട്ടിയാൽ കടമെടുക്കേണ്ട കാര്യമില്ല. പൊതുമേഖല സ്ഥാപനങ്ങൾക്ക് നൽകിയ ഗാരന്റിയടക്കം സർക്കാറിെൻറ കണക്കിൽപെടുത്തുകയായിരുന്നു. കിഫ്ബിയുടെ ഭാഗമായ പ്രവർത്തനങ്ങൾ നടന്നതിെൻറ പ്രയോജനം പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത് അനാവശ്യമായ കേന്ദ്രത്തിെൻറ ശ്വാസം മുട്ടിക്കൽ ഒഴിവാക്കണമെന്നാണ്. ഈ സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറയുകയാണ് പ്രതിപക്ഷം. മുൻഗണനാടിസ്ഥനത്തിൽ ധനവിനിയോഗം നടത്തുന്നുണ്ട്. മോശമായ ധനകാര്യ മാനേജ്മെന്റാണെന്നാണ് പറയുന്നത്. ക്ഷേമ പെൻഷൻ കുടിശ്ശികയുണ്ട്.
അത് കൊടുത്തുതീർക്കും. ഉമ്മൻ ചാണ്ടി സർക്കാർ ആകെ കൊടുത്തത് 8000 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് 30,000 കോടി വിതരണം ചെയ്തു.
ഈ സർക്കാർ കാലാവധിക്ക് മുമ്പ് 50,000 കോടി കൊടുത്തുതീർക്കും. നിർമാണത്തൊഴിലാളികളുടെ പെൻഷൻ വിതരണം ചെയ്യാൻ വഴി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നല്ല പരിശ്രമം നടക്കുന്നുണ്ടെങ്കിലും ധനവിനിയോഗത്തിൽ സർക്കാർ മുൻഗണന നിശ്ചയിക്കേണ്ടതുണ്ടെന്ന് കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾക്ക് മുൻഗണന ആവശ്യമാണ്. തൊഴിൽ നഷ്ടങ്ങളുണ്ടായവർ, കൈത്തറി, കശുവണ്ടി പോലുള്ള മേഖലകൾ എന്നിവയെ കൂടുതൽ ശ്രദ്ധിക്കണം. വായ്പയെടുക്കുന്നത് മഹാ അപരാധമല്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.