പ്രളയ ദുരിതം ആവർത്തിക്കുമ്പോഴും നിയമസഭ സമിതി റിപ്പോർട്ടുകൾ ഫയലിൽ ഉറങ്ങുന്നു

തിരുവനന്തപുരം: 2018ലെ വെള്ളപ്പൊക്കത്തിൻെറ പശ്ചാത്തലത്തിൽ നിയമസഭ പരിസ്ഥിതി സമിതി തയാറാക്കിയ റിപ്പോർട്ട് ഫയലിൽ ഉറങ്ങി. റിപ്പോർട്ടിൽ കാര്യമായ തുടർ നടപടിയുണ്ടായില്ലെന്ന് രേഖകൾ. 2019 ജൂലൈ നാലിനാണ് 22 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. നിയമസഭാ സമിതി മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിൽ പ്രധാനം നവ കേരള നിർമ്മാണം പ്രകൃതി സൗഹൃദമാകണമെന്നായിരുന്നു. അത് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിങ് നടപ്പിലാക്കണമെന്നും നിർദേശിച്ചു.

പ്രളയം ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ച് നടപടികൾ വൈകരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ജല സംരക്ഷണം സജ്ജീവമാക്കുന്നതിന് നെൽവയലുകൾ, നീർത്തടങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഭവന നിർമാണത്തിന് ശക്തമായ മാർഗരേഖ തയാറാക്കണം. പരിസ്ഥിതിയുടെ പ്രത്യേകത വിലയിരുത്താതെ എന്തും എവിടെയും എങ്ങനെയും നിർമിക്കാമെന്ന രീതി അവസാനിപ്പിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

വീടുകൾ പ്രകൃതി സൗഹൃദമാകണം, പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിങ് നടപ്പാക്കണം, വീടുകളുടെ വലിപ്പം, എണ്ണം നിയന്ത്രിക്കുന്ന പാർപ്പിട നയം ആവിഷ്കരിക്കണം, ഭൂപ്രകൃതി പരിഗണിച്ച് വ്യത്യസ്ഥ നിർമ്മാണ രീതികൾ സ്വീകരിക്കണം,  നിർണങ്ങൾ പൂർണായി ജല സൗഹൃദമാകണം, ഒന്നിൽ കൂടുതൽ വീടു വെക്കുന്നത് നിരുൽസാഹിപ്പിക്കണം, വീടുകൾക്കും വാണിജ്യ സമുച്ചയത്തിനും വ്യത്യസ്ഥ ഇടങ്ങൾ വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.

നിർമാണങ്ങൾക്കായി ഭൂമിയുടെ ഉപയോഗം പരമാവധി കുറക്കണം, പരിസ്ഥിതി സൗഹൃദ ടൂറിസം നടപ്പിലാക്കണം, ഖനനങ്ങൾക്കു നിയന്ത്രണം വേണം എന്നിവയും റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളായിരുന്നു. ഖനനം പൊതു മേഖലയിൽ മാത്രമായിരിക്കുമെന്ന് 2016ലെയും 2021 ലെയും എൽ.ഡി.എഫ് പ്രകടന പത്രികയിലും ആവർത്തിച്ചു.

പുഴകളിലെ കൈയേറ്റം ഒഴുപ്പിക്കണമെന്നും നദികളുടെ സംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കണമെന്നും വയനാട്ടിലെ കൃഷി ഭൂമിക്കു പ്രത്യേക സുരക്ഷ ഒരുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കാലാവസ്ഥക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കണം, റോഡു നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കണം, കുളങ്ങളെ ഡിജിറ്റൽ മാപ്പിങ്ങിലൂടെ സംരക്ഷിക്കണം, തണ്ണീർ തടങ്ങൾ സംരക്ഷിക്കലിനായി പാടങ്ങൾ തരിശിടാതിരിക്കണം, ചരിവുകളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലെക്കു താമസം മാറ്റാൻ പദ്ധതി വേണം.

മലമ്പുഴ ഡാം പ്രദേശത്തെ ഇമേജ് (ആശുപത്രി മാലിന്യ പ്ലാന്‍റ്) മാറ്റി സ്ഥാപിക്കണം, വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കണം. കുട്ടനാടിന്‍റെ വെള്ളപൊക്കം, വെള്ളകെട്ട് പരിഹാര പദ്ധതികൾ തുടങ്ങണം, ആന്ധ്രാപ്രദേശ് മാതൃകയിൽ (പ്രകൃതി ദുരന്ത) സ്ഥിരം ഷെൽറ്ററുകൾ പണിഞ്ഞ് കടൽക്ഷോഭവും മറ്റു ദുരന്തങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിതമായ താമസ ഇടം ഒരുക്കണം തുടങ്ങി 40 നിർദേശങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചു.

നിയമസഭ റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോർട്ടിൽ തുടർ നടപടിയുണ്ടായോയെന്ന് എം.എൽ.എമാർക്ക് പോലും അറിയില്ല. 2020 ഓഗസ്റ്റ് 24ന് ഖനനത്തിനെതിരെ മുല്ലക്കര രത്നാകരന്‍റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി സമർപ്പിച്ച റിപ്പോർട്ടിലും നടപടിയുണ്ടായില്ല. റിപ്പോർട്ടുകൾ വെറും കടലാസ് കെട്ടിയായി അവശേഷിച്ചു.

Tags:    
News Summary - Kerala Flood: The report of the Legislative Committee also fell asleep on file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.