കൊച്ചി: പൂർത്തിയാക്കാൻ ഒരുവർഷത്തിലേറെ വേണ്ടിവരുന്ന പദ്ധതികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി, 2020- 21 വാർഷിക പദ്ധതിക്കുള്ള മാർഗനിർദേശം സർക്കാർ പുറപ്പെടുവിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ അടുത്ത സാമ്പത്തികവർഷത്തെ പദ്ധതി നിർവഹണത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അടുത്തവർഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം, നേരത്തേ ആരംഭിച്ച പദ്ധതികൾ തുടരുന്നതിൽ തടസ്സമില്ല.
വാർഷിക പദ്ധതി തയാറാക്കി അംഗീകാരം നേടുന്നതിനുള്ള സമയക്രമവും നിശ്ചയിച്ചു. ഇതിനനുസരിച്ച് ഫെബ്രുവരി 22ന് വാർഷിക പദ്ധതികൾക്ക് അന്തിമരൂപം നൽകുകയും മാർച്ച് അഞ്ചിന് സമർപ്പിക്കുകയും വേണം. അടുത്തവർഷത്തെ വികസന പദ്ധതികൾക്കൊപ്പം ദുരന്ത മാനേജ്മെൻറ് പ്ലാനുകൾ തയാറാക്കണം. ഇതിനുള്ള കരട് രൂപരേഖ തയാറാക്കി ഗ്രാമ, വാർഡ് സഭായോഗങ്ങളിൽ ചർച്ച ചെയ്യണം.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ നവകേരള നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് ഊന്നൽ നൽകേണ്ടത്. കാർഷിക മേഖലയിലെ പദ്ധതികൾക്ക് മുൻകൂട്ടി അംഗീകാരം നൽകി കൃഷി ആരംഭിക്കുന്ന ജൂണിൽത്തന്നെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. പ്രകൃതിദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവരുടെ തൊഴിൽ ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് മുൻഗണന വേണം. അതിവൃഷ്ടിയിൽ തകർന്ന റോഡുകൾക്ക് പ്രത്യേക പരിഗണന നൽകണം. കുഴി അടക്കലും വശങ്ങൾ ബലപ്പെടുത്തലും ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തിയാക്കണം. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കണം.
ആസൂത്രണ സമിതികളും വർക്കിങ് ഗ്രൂപ്പുകളും പുനഃസംഘടിപ്പിച്ച് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് മാർച്ച് 20നകം അംഗീകരിച്ച വാർഷിക പദ്ധതി സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.