കൊച്ചി: നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കണമെന്ന മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുടെ ഹരജി സുപ്രീംകോടതിയിൽ വാദിക്കാൻ സർക്കാർ ചെലവിടേണ്ടത് 16.50 ലക്ഷം രൂപ.
പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ വക്കീൽ ഫീസ് ഇനത്തിൽ മാത്രമാണ് സർക്കാർ ഇത്രയും തുക നൽകേണ്ടിവരുന്നത്. സുപ്രീംകോടതിയിൽ സർക്കാർ ഭാഗം വാദിക്കാൻ പുറത്തുനിന്ന് അഭിഭാഷകനെ എത്തിക്കുകയായിരുന്നു. ഇങ്ങനെ ഹാജരായ രഞ്ജിത്ത് കുമാറാണ് 16.50 ലക്ഷം രൂപ വക്കീൽ ഫീസിെൻറ ബില്ല് സമർപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുക ഇനിയും കൈമാറിയിട്ടില്ല.കേസ് തിരുവനന്തപുരം സി.ജെ.എം കോടതി നിരസിച്ചപ്പോൾ അതിനെതിരെ മന്ത്രി ശിവൻകുട്ടി അടക്കം ആറുപേർ ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിൽ ഹരജിയെ വിമർശിച്ച് വിചാരണക്കോടതി വിധി ശരിവെക്കുകയായിരുന്നു.
ആറുപേരും വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അന്ന് സർക്കാർഭാഗം വാദിക്കാനാണ് രഞ്ജിത് കുമാർ ഹാജരായത്.
പ്രതികൾ പുനഃപരിശോധന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. നടപടി നേരിടുന്ന ആറുപേർ കേസിൽനിന്ന് രക്ഷപ്പെടേണ്ടത് സംസ്ഥാനത്തിെൻറ ആവശ്യമല്ലെന്നും അതിനായി പൊതുഖജനാവിൽനിന്ന് പണം ദുർവ്യയം ചെയ്യുന്നത് അപലപനീയമാണെന്നും ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.