തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപസമിതി രൂപവത്കരിച്ച സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ തടഞ്ഞു. ജീവനക്കാരെ വി.സി സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാൻ മറ്റൊരു സമിതി രൂപവത്കരിച്ചതും ഗവർണർക്ക് വി.സി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന്റെ അംഗീകാരത്തിന് റിപ്പോർട്ട് ചെയ്യണമെന്ന തീരുമാനവും ഗവർണർ തടഞ്ഞിട്ടുണ്ട്.
സിൻഡിക്കേറ്റ് പ്രമേയത്തിൽ നേരത്തേ വി.സിതന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. വിയോജനക്കുറിപ്പ് സഹിതം പ്രമേയം വി.സി ഗവർണറുടെ പരിഗണനക്ക് അയക്കുകയായിരുന്നു. സാങ്കേതിക സർവകലാശാല നിയമത്തിലെ 10(3) വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സിൻഡിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞത്. ബിരുദ സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്ന അക്കാദമിക് ഡയറക്ടറെ മാറ്റിയതാണ് വി.സിയെ നിയന്ത്രിക്കുന്നതിന് സമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റിനെ പ്രേരിപ്പിച്ചത്.
സിസ തോമസിന്റെ നിയമനം ഹൈകോടതി റദ്ദാക്കാത്ത സാഹചര്യത്തിൽ പകരം താൽക്കാലിക വി.സിയെ നിയമിക്കാൻ സർക്കാർ സമർപ്പിച്ച മൂന്നുപേരുടെ പാനൽ ഗവർണർ പരിഗണിച്ചിട്ടില്ല. വി.സിയുമായി നിരന്തരം ഇടഞ്ഞിരുന്ന മുൻ എം.പി പി.കെ. ബിജു ഉൾപ്പെടെ ആറു പേരുടെ സിൻഡിക്കേറ്റ് അംഗത്വം ഓർഡിനൻസ് അസാധുവായതിനാൽ സംശയത്തിലാണ്. അതേസമയം, തീരുമാനം തടഞ്ഞ ഗവർണറുടെ നടപടിക്ക് നിയമസാധുതയില്ലെന്ന് കെ.ടി.യു സിൻഡിക്കേറ്റംഗങ്ങൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.