പി.ടി തോമസ്- ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പി.ടി തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്‍റേറിയനായും വലിയ ‍ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ് എന്ന് ഗവര്‍ണര്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ തോമസിന്‍റെ‍ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തോടും നിയോജക മണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ അത്മാവിന് നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത് -വി. മുരളീധരൻ

പി.ടി തോമസിന്‍റെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. മികച്ച പൊതുപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്.

പരിസ്ഥിതി വിഷയങ്ങളിലുൾപ്പെടെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. തന്‍റെ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്‍റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കേന്ദ്രമന്ത്രി വി. മുരളീധരൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.

നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്.

Tags:    
News Summary - Kerala Governor Condolences to PT Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.