ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടി വേണമെന്ന് ഗവർണർ; ‘സ്ത്രീകളോട് മാന്യതയും ബഹുമാനവും കാണിക്കണം’

തിരുവനന്തപുരം: മല‍യാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ചു കൊണ്ട് ജസ്റ്റിസ് കെ. ഹേമ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറിന് കടമയുണ്ടെന്നും റിപ്പോർട്ടിൽ നടപടി വേണമെന്നും ഗവർണർ പ്രതികരിച്ചു.

നമ്മുടെ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാവുന്ന നമ്മൾ എന്തിന് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് മറ്റൊരു രീതിയിൽ പെരുമാറണമെന്നും ഗവർണർ ചോദിച്ചു. സ്ത്രീകളോട് മാന്യതയും ബഹുമാനവും കാണിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ഗവർണറുടെ പ്രതികരണം:

''സർക്കാറിന് ഒരു കടമയുണ്ട്, നടപടി വേണം. പക്ഷേ നമ്മുടെ മനഃസാക്ഷി എവിടെ?, എന്താണ് നമ്മുടെ സ്വന്തം കടമ?, സമൂഹത്തിന്‍റെ കടമ എന്താണ്?, നമ്മൾ ഓരോരുത്തരുടെയും വ്യക്തിപരമായ കടമ എന്താണ്?, നമ്മുടെ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് എങ്ങനെയാണ് നമ്മൾ പെരുമാറുന്നത്?, എന്തിന് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് മറ്റൊരു രീതിയിൽ പെരുമാറണം?.

നമ്മുടെ സമൂഹത്തിൽ ഈ അവബോധം സൃഷ്ടിക്കാൻ നമുക്കൊരു ദീർഘകാല പരിപാടി ആവശ്യമാണ്. സ്ത്രീ-പുരുഷ വേർതിരിവ് നമുക്ക് കാണാനാവില്ല, സ്ത്രീകളെ മാന്യതയോടും ബഹുമാനത്തോടെയും കാണണം. ഈ സമൂഹത്തിൽ സാമൂഹിക അവബോധം വളർത്തിയെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു, എവിടെയെങ്കിലും ചില സാമൂഹിക അവബോധവും സാമൂഹിക ക്രമവും രൂപപ്പെടണം, നിയമം സഹായിക്കും, പക്ഷേ നിയമം ഒരു പൂർണ പരിഹാരമല്ല. സർക്കാർ നടപടി സ്വീകരിക്കണം, പക്ഷേ സർക്കാറിന് മാത്രം ആഗ്രഹിച്ച ലക്ഷ്യം കൈവരിക്കാനാവില്ല.''

മല‍യാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ചു കൊണ്ട് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലയാള സിനിമലോകം താരാരാധനയോടു കൂടി കണ്ട പ്രമുഖരിൽ നിന്നു പോലും സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിരുന്നുവെന്ന് 299 പേജുള്ള റിപ്പോർട്ടിൽ പലയിടങ്ങളിലും ജസ്റ്റിസ് ഹേമ പറഞ്ഞുപോകുന്നു.

സ്വകാര്യത ചൂണ്ടിക്കാട്ടി 66 പേജുകൾ സർക്കാറും വിവരാവകാശ കമീഷനും ചേർന്ന് വെട്ടിയെങ്കിലും മായ്ക്കാൻ കഴിയാത്ത യാഥാർഥ്യങ്ങൾ 233 പേജുകളിലായി ഉണ്ട്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, നേരിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന് പലയിടങ്ങളിലും കമ്മിറ്റി ആവർത്തിക്കുന്നു.

മലയാള സിനിമമേഖലയെ നിയന്ത്രിക്കുന്ന മാഫിയ സംഘത്തിന് എതിരെ മൊഴി നൽകാൻ പോലും പലരും ഭയന്നതായി റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളെപ്പോലും ആദ്യഘട്ടത്തിൽ ലഭിച്ചില്ല. ഭയമായിരുന്നു ഇവർക്ക്. കമ്മിറ്റിക്ക് മുന്നിൽ എന്തെങ്കിലും പറഞ്ഞാൽ തൊഴിലും ജീവൻതന്നെയും നഷ്ടമാകുമോയെന്ന പേടി.

കമ്മിറ്റിക്ക് മുന്നിൽ ആർക്കെതിരെയും ഒന്നും പറയരുതെന്ന് നർത്തകർക്ക് യൂനിയൻ നിർദേശം നൽകിയതായി കമ്മിറ്റി കണ്ടെത്തി. ഇവർക്കായി കമ്മിറ്റി രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് പലരും ഒഴിഞ്ഞു. ഒടുവിൽ രണ്ടുപേർ ഹാജരായി. തങ്ങൾക്ക് സിനിമയിൽ ഒരു പ്രശ്നവുമില്ലെന്നായിരുന്നു ഇവരുടെ മൊഴിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിന് ജുഡീഷ്യൽ അധികാരമുള്ള ട്രൈബ്യൂണൽ രൂപവത്കരിക്കണം. അഞ്ചു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിയമുള്ള വനിതാ ജഡ്ജിയെ ട്രൈബ്യൂണൽ അധ്യക്ഷയാക്കണം. ട്രൈബ്യൂണൽ വിധിക്ക് മേൽ അപ്പീൽ പരിഗണിക്കാൻ അധികാരം ഹൈകോടതി ഡിവിഷൻ ബഞ്ചിന് മാത്രമായിരിക്കണം.

സിനിമയിലെ സ്ത്രീകൾക്കെതിരായ കുറ്റകരമായ പ്രവൃത്തികൾക്ക് വ്യത്യസ്ത സ്വഭാവമുള്ള സ്ഥിതിക്ക് വ്യത്യസ്തമായ ഒരു നിയമം ആവശ്യമാണ്. ആ നിയമത്തിന് "കേരള സിനി എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ് (റെഗുലേഷൻ) ആക്ട്, 2020": എന്ന് പേര് നൽകണമെന്നും ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടു. നിയമത്തിൽ ഉൾപ്പെടുത്തേണ്ട വ്യവസ്ഥകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags:    
News Summary - Kerala Governor wants government action on Hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.