തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്ക് ഒടുവിൽ പണം നൽകാൻ സംസ്ഥാനം തീരുമാനിച്ചു. 205.81 കോടി രൂപ കേന്ദ്രത്തിന് നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. പ്രളയകാലത്തെ സഹായമെന്ന നിലയിൽ പണം നൽകുന്നത് ഒഴിവാക്കി നൽകണമെന്നായിരുന്നു സംസ്ഥാന ആവശ്യം. പലതവണ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യവും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്രം ഇത് അംഗീകരിച്ചില്ല. മാത്രമല്ല പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് ഈ തുക തിരിച്ച് പിടിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇതോടെയാണ് കേന്ദ്ര ആവശ്യത്തിന് വഴങ്ങി അരിക്ക് പണം നൽകാൻ സംസ്ഥാനം തീരുമാനിച്ചത്.
പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലൂടെ (എഫ്.സി.ഐ) 89,540 മെട്രിക് ടൺ അരി അനുവദിച്ചിരുന്നു. ഇതിന്റെ വിലയായി 205.81 കോടി രൂപയാണ് നിശ്ചയിച്ചത്. എത്രയും വേഗം പണം നൽകാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.ഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നേരേത്ത കത്തയച്ചിരുന്നു.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമുണ്ടായ നാശത്തിന് കേന്ദ്രം ഏഴ് സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കിയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് സംസ്ഥാനം നിവേദനം നൽകിയിരുന്നു. നേരേത്ത ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങൾക്ക് നൽകിയപ്പോഴും കേരളം അവഗണന നേരിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് കേന്ദ്രത്തിന് പ്രളയ സഹായത്തിന് പണം നൽകേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.