മ്ലാവിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

കോതമംഗലം: ​കൈ മുറിഞ്ഞയാളെ ആശുപത്രിയിൽ കൊണ്ടുപോകവേ മ്ലാവിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. സി.പി.എം എളംബ്ലാശ്ശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ വിജിൽ മരണപ്പെട്ടു.

കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും ചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും വിജിൽ ഓടിച്ച ഓട്ടോറിക്ഷ മറിയുകയും ചെയ്തു.

എളംബ്ലാശേരി കുടിയിലെ കണ്ണപ്പൻ ആലയ്ക്കൻ എന്നയാളുടെ കൈ മുറിഞ്ഞതിനെ തുടർന്ന് വിജിലിന്റെ ഓട്ടോയിൽ കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. നാട്ടുകാരായ ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മൂന്ന് യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു. വണ്ടി മറിഞ്ഞ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്ന് രക്തസ്രാവം നിൽക്കാതെ വന്നതാണ് മരണകാരണം.

കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നേര്യമംഗലം ആറാം മൈൽ വഴി എളംബ്ലാശ്ശേരിയിലെ വീട്ടിൽ എത്തിച്ചു. പ്രതിഷേധം ഭയന്ന് പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.

ആൻ്റണി ജോൺ എം.എൽ.എയും ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷും വീട്ടിലെത്തി. മരിച്ച വിജിലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ഡി.എഫ്.ഒ കൈമാറി. ഭാര്യയ്ക്ക് ജോലിയും കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.

ഭാര്യ: രമ്യ. മക്കൾ: അതുല്യ, ആരാധ്യ. 

Tags:    
News Summary - Kerala govt handed over Rs 10 lakh to the family of autorickshaw driver killed in an attack by sambar-deer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.