ഇൗ വർഷത്തെ ഹജ്ജ് ക്വോട്ടയിൽ അധിക ക്വോട്ട ഉൾപ്പെടെ സംസ്ഥാനത്തുനിന്ന് 10,981 പേർക്ക് അവസരം. 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗവും മഹ്റമില്ലാതെ (പുരുഷ തുണ) അപേക്ഷ നൽകിയവരും ഉൾപ്പെടെ 2,394 പേർക്ക് ഇക്കുറി നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും.
ബാക്കിയുള്ള 8,587 സീറ്റുകളിൽ ജനറൽ വിഭാഗത്തിലെ അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകർ കുറവായതിനാൽ കേരളത്തിന് ഇക്കുറി അധികമായി 3,474 സീറ്റുകളാണ് ലഭിച്ചത്. അതേസമയം, മുൻവർഷത്തെക്കാൾ 216 സീറ്റുകൾ കുറയുകയും ചെയ്തു. 11,197 ആയിരുന്നു 2017ലെ സംസ്ഥാനത്തിെൻറ ഹജ്ജ് ക്വോട്ട.
അവസരം ലഭിച്ചവരുടെ എണ്ണത്തിൽ കേരളം, ഉത്തർപ്രദേശിനും (29,851) മഹാരാഷ്ട്രക്കും (11,527) പിറകിൽ മൂന്നാമതാണ്. യഥാർഥ ക്വോട്ടയനുസരിച്ച് ആറാമതുള്ള കേരളം കഴിഞ്ഞ രണ്ട് വർഷവും കൂടുതൽ അഞ്ചാം വർഷ അപേക്ഷകരുള്ളതിനാൽ രണ്ടാമതായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 1,25,025 ക്വോട്ടയിൽ 1,23,400 ആണ് മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി വീതിച്ചുനൽകിയത്. 1,125 സീറ്റുകൾ ഖാദിമുൽ ഹജ്ജാജ്, സർക്കാർ ക്വോട്ട എന്നിവക്കായി മാറ്റിവെച്ചതാണ്.
ഇക്കുറി കേരളത്തിൽനിന്ന് 69,783 അപേക്ഷകരാണുള്ളത്. ഇതിൽ 1,270 പേർ 70 വയസ്സിന് മുകളിലുള്ളവരും 1,124 പേർ മഹ്റം (പുരുഷ തുണയില്ലാതെ നാല് പേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവർക്കാണ് നേരിട്ട് അവസരം ലഭിക്കുക. കേരളത്തിെൻറ മുസ്ലിം ജനസംഖ്യപ്രകാരം 6,383 ആണ് യഥാർഥ ക്വോട്ട. മറ്റു സംസ്ഥാനങ്ങളിൽ അപേക്ഷകർ കുറവായതിനാൽ ബാക്കി വന്ന 16,594 സീറ്റുകൾ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധികം സീറ്റ് ലഭിച്ചത്. ഇൗ ഗണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചതും കൂടുതൽ അപേക്ഷകരുള്ള കേരളത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.