യാത്രക്കൂലി വർധന ആദ്യമായി ഇരട്ടയക്കത്തിൽ, 20 കിലോമീറ്റർ യാത്രക്ക് 19നുപകരം 28 രൂപ; രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്

കോട്ടയം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബസ് യാത്രക്കൂലി വർധന ഇരട്ടയക്കത്തിൽ. കിലോമീറ്റർ നിരക്ക് അഞ്ച്, ഏഴ് പൈസകൾ വീതം വർധിപ്പിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 30 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2001ൽ 35 പൈസ, 2004ൽ 42 പൈസ, 2005ൽ 55പൈസ, 2012ൽ 58 പൈസ, 2014ൽ 64 പൈസ, 2018ൽ 70 പൈസ എന്നിങ്ങനെയാണ് കേരളത്തിൽ ഓർഡിനറി ബസിന്‍റെ കിലോമീറ്റർ യാത്രക്കൂലി നിശ്ചയിച്ചിരുന്നത്. ഇക്കുറി ഇടതു സർക്കാർ 30 പൈസയാണ് ഒറ്റയടിക്ക് കൂട്ടിയത്.

കൊറോണക്ക് മുമ്പ് 20 കിലോമീറ്റർ യാത്ര ചെയ്യാവുന്ന എട്ടാം ഫെയർ സ്റ്റേജിൽ 19 രൂപയായിരുന്നു ഓർഡിനറി ബസ് നിരക്കെങ്കിൽ പുതുക്കിയ നിരക്ക് നിലവിൽ വരുന്നതോടെ ഒമ്പതുരൂപ വർധിച്ച് 28 രൂപയാകും. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ബസ് നിരക്കാണ് കേരളത്തിൽ നൽകേണ്ടി വരുക. ഓർഡിനറി ബസുകളുടെ കിലോമീറ്റർ നിരക്ക് ഒരു രൂപയാണെന്ന് സർക്കാർ പറയുമ്പോഴും 20 കിലോമീറ്റർ യാത്രചെയ്യാൻ 28 രൂപ നൽകണം. 10 കിലോമീറ്റർ യാത്രക്ക് 10 രൂപക്ക് പകരം 18 രൂപ നൽകണം. കിലോമീറ്റർ നിരക്ക് ഇവിടെ 180 പൈസയായി മാറുകയും ചെയ്യുന്നു.

കൊറോണക്ക് മുമ്പ് ഏറ്റവും ഒടുവിൽ ഓർഡിനറി ചാർജ് വർധിപ്പിച്ചത് 2018 ഫെബ്രുവരിയിലായിരുന്നു. അഞ്ചു കിലോമീറ്റർ യാത്ര ചെയ്യുന്നതിനുള്ള ഓർഡിനറി മിനിമം ചാർജ് എട്ടു രൂപയും ഓർഡിനറി കിലോമീറ്റർ നിരക്ക് 70 പൈസയുമായിരുന്നു. കൊറോണക്കാലത്തു ഓർഡിനറി യാത്രക്കൂലി കിലോമീറ്ററിന് 90 പൈസയാക്കി കൂട്ടുകയും മിനിമം ചാർജിനു യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി കുറക്കുകയും ചെയ്തു. 60 പേരെ കയറ്റാവുന്ന ബസിൽ 25 യാത്രക്കാരെ മാത്രം അനുവദിച്ചതിനാലായിരുന്നു ഈ വർധന എന്നായിരുന്നു ന്യായീകരണം. പിന്നീട് കൊറോണ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും കൊറോണക്ക് മുമ്പുള്ള ബസ് ചാർജ് പുനഃസ്ഥാപിച്ചില്ല.

മിനിമം ബസുകൂലിക്ക് അഞ്ചു കിലോമീറ്റർ യാത്ര ചെയ്യണമെന്ന ദീർഘകാല ആവശ്യം 2011ൽ യു.ഡി.എഫ് സർക്കാറാണ് അംഗീകരിച്ചത്. ഇതാണ് ഇക്കുറി മാറിമറിഞ്ഞത്. ബസ് യാത്രക്കൂലി പുതുക്കിയപ്പോൾ കെ.വി. രവീന്ദ്രൻ നായർ കമീഷൻ നിർദേശം വീണ്ടും അട്ടിമറിക്കപ്പെടുകയും ചെയ്തു. കമീഷൻ റിപ്പോർട്ടിൽ, എങ്ങനെയാണ് മിനിമം യാത്രക്കൂലി നിശ്ചയിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കിലോമീറ്റർ യാത്രക്കൂലിയെ മിനിമം ചാർജിനുള്ള ദൂരംകൊണ്ടു ഗുണിക്കുന്ന തുകയായിരിക്കണമെന്നാണ് പറയുന്നത്. ഇത് കൃത്യമായി നിർണയിക്കാനാവില്ലെങ്കിലും ഈ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കണം ഓർഡിനറി, ഫാസ്റ്റ് അടക്കമുള്ളവയുടെ മിനിമം കൂലി നിശ്ചയിക്കേണ്ടതെന്ന കമീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. ഇതും ഇക്കുറി അവഗണിക്കപ്പെട്ടു.

Tags:    
News Summary - Kerala has the highest travel rates in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.