‘ദേഹത്ത് സ്പർശിച്ചെങ്കിൽതന്നെ ബോധപൂർവമെന്ന്​ കരുതാനാവില്ല’; കുസാറ്റ് സിൻഡിക്കേറ്റംഗം ലൈംഗികാതിക്രമം നടത്തിയെന്ന കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊച്ചി ശാസ്​ത്ര സാ​ങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. ബേബിക്കെതിരായ കേസ്​ ഹൈകോടതി റദ്ദാക്കി. സർവകലാശാല കലോത്സവത്തിനിടെ വേദിക്കടുത്തുവെച്ച്​ സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർകൂടിയായ ബേബി കടന്നുപിടിച്ചെന്നാരോപിച്ച്​ പെൺകുട്ടി നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്​ ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്​. ഹരജിക്കാരന്റെ സാന്നിധ്യം പീഡനം ലക്ഷ്യമിട്ടാണെന്ന് പ്രഥമദ‌ൃഷ്ട്യാ കരുതാനാവില്ലെന്നും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നെന്നും വിലയിരുത്തിയാണ്​ ഉത്തരവ്​.

കാമ്പസിന്‍റെ അച്ചടക്കം ഉറപ്പാക്കാൻ നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന്​ പിന്നാലെ തന്നെ കുടുക്കാൻ വ്യാജ പരാതി നൽകിയിരിക്കുകയാണെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, പ്രതിസ്ഥാനത്തുള്ളയാൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും പഠനത്തെ ബാധിക്കുമെന്നും വിദ്യാർഥിനിയുടെ അഭിഭാഷകൻ വാദിച്ചു. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും വിശദാന്വേഷണം വേണമെന്നും സർക്കാർ അഭിഭാഷകനും അറിയിച്ചു.

എന്നാൽ, ഹരജിക്കാരനെതിരെ ആരോപിക്കുന്ന കാര്യങ്ങളുടെ സത്യസന്ധതയിൽ കോടതി സംശയം പ്രകടിപ്പിച്ചു. സംഭവമുണ്ടായി മൂന്നുമാസവും 26 ദിവസവും കഴിഞ്ഞാണ് വൈസ്​ ചാൻസലർക്ക് പരാതി നൽകിയത്. പൊലീസ്​ എഫ്​.ഐ.ആർ ഇട്ടിരിക്കുന്നത്​ നാലുമാസവും ആറുദിവസവും കഴിഞ്ഞാണ്. ആരോപണവുമായി ബന്ധപ്പെട്ട്​ പരാതിക്കാരി പുനരാലോചന നടത്തിയതായി​ വേണം ​ഇതിൽനിന്ന്​ കരുതാൻ.

നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന കാമ്പസിൽ അച്ചടക്കത്തിന്‍റെ ഭാഗമായി ചില നടപടികൾ ഹരജിക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്​. ഇതി​ൽ ചില വിദ്യാർഥികളുടെ എതിർപ്പുമുണ്ടായി. പരാതിക്കാരിയുടെ ദേഹത്ത് സ്പർശിച്ചിട്ടുണ്ടെങ്കിൽതന്നെ ബോധപൂർവമാണെന്ന്​ കരുതാനാവില്ല. സർവകലാശാലക്ക്​ പോലും പരാതി നൽകിയത്​ വൈകിയാണെന്നും കോടതി വിലയിരുത്തി. എന്നാൽ, പഠനം തടസ്സപ്പെടുത്താനോ മറ്റുതരത്തിലുള്ള ഇടപെടലുകൾക്കോ ശ്രമമുണ്ടായാൽ പരാതിക്കാരിക്ക്​ നിയമ നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി.

Tags:    
News Summary - Kerala HC Quashes Case Against Cusat Teacher PK Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.