കൊച്ചി: തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇരയായ നടിക്ക് തുടക്കം മുതലേ സംശയമാണെന്ന് ഹൈകോടതി. ഇത്തരം സംശയമുണ്ടാകാൻ മാധ്യമ വിചാരണ കാരണമായെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിൽ പറയുന്നു.
സെഷൻസ് കോടതിയിലും ഹൈകോടതി ബെഞ്ചുകളിലും അന്വേഷണ സംഘത്തിലും ഹരജിക്കാരി അവിശ്വാസം പ്രകടിപ്പിക്കുന്നു. മാധ്യമങ്ങൾ സ്വന്തം സ്റ്റുഡിയോയിൽ നടത്തുന്ന വിചാരണയാണ് നടിയെ സ്വാധീനിച്ചിരിക്കുന്നത്.
വിചാരണക്ക് വനിത ജഡ്ജി വേണമെന്ന ആദ്യത്തെ ആവശ്യം കോടതി അനുവദിച്ചതാണ്. പിന്നീട് ഈ കോടതി മാറ്റണമെന്നായി ആവശ്യം. ഇത് ഹൈകോടതിയും സുപ്രീം കോടതിയും തള്ളി. അന്വേഷണ സംഘത്തിനെതിരെ നടി അടുത്തിടെ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹരജി ആദ്യം പരിഗണിച്ച ബെഞ്ച് പിന്മാറണമെന്ന് നടി ആവശ്യപ്പെട്ടതിനെ തുടർന്ന് അനുവദിച്ചു. പിന്നീടാണ് വിചാരണ കോടതിയിൽ സംശയമുന്നയിച്ച് വീണ്ടും ഹരജി നൽകിയത്.
വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും എക്സൈസ് സി.ഐയുമായ ജിജോ ജോസിനെതിരെ ഒരു കസ്റ്റഡി മരണക്കേസിൽ വകുപ്പുതല നടപടിയെടുത്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ എക്സൈസ് ഉദ്യോഗസ്ഥൻ അനൂപ് കുമാറിന്റെ അഭിഭാഷകൻ സന്തോഷിനെ വിചാരണ കോടതി ജഡ്ജി പലതവണ ഫോണിൽ വിളിച്ചിരുന്നു.
ഇക്കാര്യം വ്യക്തമാക്കുന്ന ഉല്ലാസ് എന്നൊരു അഭിഭാഷകന്റെ ശബ്ദരേഖ ദിലീപിന്റെ ഫോണിൽനിന്ന് ലഭിച്ചെന്നും ദിലീപും വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നതിന് തെളിവാണിതെന്നും നടി ആരോപിച്ചു.
എന്നാൽ, ഭർത്താവ് ഉൾപ്പെട്ട കേസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകനോടു ജഡ്ജി ഫോണിൽ സംസാരിച്ചിട്ടുണ്ടാകാമെന്നും അതിനപ്പുറം ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ചില ടി.വി ചാനലുകൾ മാസങ്ങളോളം ഈ വിഷയം ചർച്ച ചെയ്തത് കേസിന്റെ വിചാരണ സംബന്ധിച്ച് തെറ്റായ പൊതുബോധം ഉണ്ടാക്കിയിട്ടുണ്ട്.
ഹരജിക്കാരിയടക്കം പൊതുജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഉത്തമ വിശ്വാസത്തോടെയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചതെങ്കിലും മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ ധാരണക്ക് അവർ ഇരയായിട്ടുണ്ട്.
കോടതിക്ക് മുന്നിലുള്ള വസ്തുതകൾ അറിയാതെയും നിയമ വശങ്ങളും വ്യവസ്ഥകളും മനസ്സിലാക്കാതെയും മാധ്യമ വിചാരണ മുൻധാരണകളുണ്ടാക്കുന്നു. വിമർശനം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്.
ആ ജോലിയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. ഈ കേസിൽ ശരിയുടെയും ന്യായത്തിന്റെയും യുക്തിയുടെയും പരിധിക്കപ്പുറം മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും നീതി നിർവഹണ കോടതിയെ ഇനിയെങ്കിലും അവയുടെ ജോലി ചെയ്യാൻ വിടണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.