കൊച്ചി: രാഷ്ട്രീയ പാർട്ടി പരിപാടികൾക്കായി പാതയോരങ്ങളിൽ ബോർഡുകളും മറ്റും സ്ഥാപിക്കുന്ന രീതി മാറ്റാതെ, ഇതേക്കുറിച്ച് പറയുന്ന കോടതിയെ മാറ്റാനാണ് ശ്രമമെന്ന് ഹൈകോടതി. ഇപ്പോഴും പുരോഗമന മനോഭാവത്തിലേക്ക് എത്താത്തതാണ് ഇതിന് കാരണം. അഖിലേന്ത്യ യാത്രയുടെയും മറ്റും പേരിൽ എങ്ങും ബോർഡുകൾ വെക്കുകയാണ്. ഇക്കാര്യം പറയുമ്പോൾ കോടതിയെ ആക്രമിക്കുകയാണ്. എന്നാൽ, പേടിപ്പിച്ച് പിന്മാറ്റാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു.
കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മീഡിയനിൽ കെട്ടിയ തോരണത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി തൃശൂരിൽ അഭിഭാഷക അപകടത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. പൗരന്മാരുടെ ജീവൻ പണയംവെച്ച് ഇത്തരത്തിൽ ബോർഡ് വെക്കുന്നതെന്തിനാണെന്ന് കോടതി ആരാഞ്ഞു. ചിലരുടെ പ്രശസ്തിക്ക് വേണ്ടി പകരം നൽകേണ്ടിവരുന്നത് ജീവനാണ്. എന്നാൽ, രാഷ്ട്രീയ പാർട്ടികളൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാറില്ല.
സർക്കാറിനെ നിയന്ത്രിക്കുന്നതും രാഷ്ട്രീയ പാർട്ടികളാണ്. കോടതിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും താൽപര്യമില്ല. ഒരു നിറത്തെയും ഭയവുമില്ല. എന്നിട്ടും കോടതിയുടെ വാക്കുകൾക്ക് രാഷ്ട്രീയ നിറം ഉണ്ടാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ തോരണങ്ങൾ കുരുങ്ങി അപകടമുണ്ടായ സംഭവത്തിൽ തൃശൂർ നഗരസഭ സെക്രട്ടറി രാഹേഷ് കുമാർ വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി. അപകടത്തിനിരയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് സെക്രട്ടറിയോട് കോടതി ചോദിച്ചു. തോരണങ്ങൾ വീണു കിടന്നാൽ അപകടമുണ്ടാകുമെന്ന് അറിയാൻ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ട, ഏതെങ്കിലും സ്കൂൾ വിദ്യാർഥിയോട് ചോദിച്ചാൽ മതിയെന്നും കോടതി കൂട്ടിച്ചേർത്തു.
അനധികൃതമായി ബാനറുകളും ബോർഡുകളും സ്ഥാപിക്കുന്നവർ രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ളവരാണെന്നും നടപടിയെടുക്കാൻ മിക്ക സെക്രട്ടറിമാർക്കും ഭയമാണെന്നും നഗരസഭ സെക്രട്ടറിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. കുടുംബമൊക്കെയുള്ളതിനാൽ തൃശൂർ സെക്രട്ടറിക്കും ഭയമുണ്ടാകുമെന്ന് കോടതിയും പ്രതികരിച്ചു. എന്നാൽ, കോടതി നിർദേശ പ്രകാരം നടപടിക്ക് പ്രാദേശിക സമിതികൾക്ക് രൂപംനൽകിയതിനാൽ ഇത്തരത്തിൽ ഭയക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. അനധികൃത ബോർഡുകളും തോരണങ്ങളും മാറ്റുന്നതിൽ വീഴ്ച വരുത്തിയ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കൂടുതൽ വിവരങ്ങൾ അറിയിക്കാനുണ്ടെന്ന് സെക്രട്ടറിയുടെ അഭിഭാഷകൻ പറഞ്ഞു. ഇവ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദേശിച്ച് ഹരജി ജനുവരി 12ലേക്ക് മാറ്റി. അന്നും നഗരസഭ സെക്രട്ടറി ഹാജരാകണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.