ഗുരുവായൂർ വിഡിയോഗ്രഫി നിയന്ത്രണം: ഉത്തരവിന് വഴിവെച്ചത് കേക്ക് മുറി വിവാദം

കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണമേർപ്പെടുത്തിയ ഹൈകോടതി ഉത്തരവിന് വഴിയൊരുക്കിയത് ക്ഷേത്രപരിസരത്തെ കേക്ക് മുറി വിവാദം. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലീം ക്ഷേത്രപരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

നടപ്പന്തലിൽ ദർശനത്തിന് നിൽക്കുന്നവരുമായി ജസ്നയും കൂട്ടരും തട്ടിക്കയറുന്ന ദൃശ്യം പ്രചരിച്ചിരുന്നു. തുടർന്ന് അഹിന്ദുക്കളെ ക്ഷേത്രപരിസരത്ത് അനുവദിക്കരുതെന്ന ആവശ്യവുമായി നോർത്ത് പറവൂർ സ്വദേശി പി.പി. വേണുഗോപാലാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര നടപ്പന്തലും പരിസരവും പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ ഇവിടെ വിഡിയോ ചിത്രീകരണം പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സെലിബ്രിറ്റികളെ അനുഗമിക്കുന്ന വ്ലോഗർമാരുടെ വിഡിയോഗ്രഫിയും അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു.

ഭക്തർക്ക് ദർശന സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ട്. ക്ഷേത്രാചാരവും പാരമ്പര്യവും സംരക്ഷിക്കുകയും നടപ്പന്തലിൽ ഭക്തരുമായി വഴക്കുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. ഗുരുവായൂർ ക്ഷേത്രത്തിന് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദീപസ്തംഭം പോലുള്ളവയുടെ വിഡിയോഗ്രഫി അനുവദിക്കാനാവില്ല.

സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ദർശന സൗകര്യമൊരുക്കണമെന്നും അഡ്മിനിസ്‌ട്രേറ്റർക്ക് ഇതിനായി പൊലീസ് സഹായം തേടാമെന്നും വ്യക്തമാക്കിയ കോടതി, ഹരജി വീണ്ടും ഒക്ടോബർ 10ന് പരിഗണിക്കാൻ മാറ്റി.

ഉത്തരവ് നടപ്പാക്കാൻ നപടി തുടങ്ങി

ക്ഷേത്രം നടപന്തലിൽ വിഡിയോ ചിത്രീകരണം വിലക്കിയ ഹൈകോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം നടപടികൾ തുടങ്ങി. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നാലു നടപന്തലിലും വിഡിയോ ചിത്രീകരണത്തിന് ആരെയും അനുവദിക്കില്ല. ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള വിഡിയോ ചിത്രീകരണവും അനുവദിക്കില്ല.

ഹൈകോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാൽ പൊലീസ് സഹായത്തോടെ നിയമ നടപടി സ്വീകരിക്കും. കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83 (1) പ്രകാരം ഗുരുവായൂർ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. പ്രസ്തുത സുരക്ഷാ മേഖലയിൽ നിയമം ലംഘിച്ച് വിഡിയോ ചിത്രീകരിച്ചാൽ അത്തരക്കാർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാൻ ദേവസ്വം പൊലീസിന് കത്ത് നൽകും. ഹൈകോടതി ഉത്തരവിൻ്റെ വിശദാംശങ്ങൾ അടങ്ങിയ ബോർഡുകൾ നാലു നടപന്തലിലും സ്ഥാപിക്കും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ബോർഡുകൾ ആകും സ്ഥാപിക്കുക. കോടതി ഉത്തരവിന്റെ സാരാംശം അനൗൺസ്മെന്റ് വഴി ഭക്തജനങ്ങളെ അറിയിക്കും.

യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, വി.ജി. രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മരാമത്ത് എക്സി. എൻജിനീയർ എം.കെ. അശോക് കുമാർ, സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണ്യൻ, ടെമ്പിൾ സ്റ്റേഷൻ എസ്.ഐ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala High Court Bans Videography Guruvayur Sree Krishna Temple's Courtyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.