സഹകരണ ബാങ്ക് ഹരജിയിൽ ആർ.ബി.ഐക്ക് ഹൈകോടതി നോട്ടീസ്

കൊച്ചി: പണമിടപാട് നയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കല്ലേറ്റന്‍കര സര്‍വീസ് സഹകരണ ബാങ്ക് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി നോട്ടീസ് അയച്ചു. പരാതിയിൽ വിശദീകരണം തേടി റിസർവ് ബാങ്ക് ഗവർണർക്ക് ഇ-മെയിൽ വഴി നോട്ടീസ് നൽകാൻ ഹൈകോടതി ഉത്തരവിട്ടു.

എറണാകുളത്തെ ആർ.ബി.ഐ മേഖലാ ഒാഫീസിന് പ്രത്യേക ദൂതൻ വഴി നോട്ടീസ് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ രേഖാമൂലമുള്ള വിശദീകരണം നൽകാനാണ് നിർദേശം.

പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കല്ലേറ്റന്‍കര സര്‍വീസ് സഹകരണ ബാങ്ക് ഹൈകോടതിയെ  സമീപിച്ചത്. ബാങ്കിങ് റഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ മറ്റു ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപമുണ്ട്. സംഘങ്ങള്‍ക്ക് എ.ടി.എം, ഡെബിറ്റ് കാര്‍ഡുകൾ ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിക്ഷേപങ്ങളുടെയോ നിക്ഷേപകരുടെയോ അവകാശങ്ങൾ സംരക്ഷിക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കുന്നില്ല. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും സഹകരണ സംഘങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ആർ.ബി.ഐയുടെ പുതിയ വ്യവസ്ഥകൾ പ്രകാരം നിക്ഷേപകർക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്നില്ല. നിക്ഷേപകരുടെ കൈവശമുള്ള പിൻവലിച്ച 1000, 500 നോട്ടുകൾ മാറി കൊടുക്കാനുള്ള സൗകര്യങ്ങൾ സഹകരണ സംഘങ്ങളിൽ ഏർപ്പെടുത്തണം. ആർ.ബി.ഐയുടെ വ്യവസ്ഥകൾ വിവേചനപരമാണെന്നും ഹരജിയിൽ വിശദീകരിക്കുന്നു.

 

 

 

 

 

 

Tags:    
News Summary - kerala high court issue notice to rbi governor for explanation to currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.