തീരദേശ പരിപാലന നിയമം: നിർമാണ പ്രവർത്തനങ്ങൾ വിലക്കിയ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവുകൾ ഹൈകോടതി റദ്ദാക്കി

കൊച്ചി: തീരദേശ പരിപാലന നിയമലംഘനം ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങളും തീരമേഖല പരിപാലന അതോറിറ്റിയും പുറപ്പെടുവിച്ച ഉത്തരവുകളും നോട്ടീസുകളും ഹൈകോടതി റദ്ദാക്കി. 2019ലെ പുതിയ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടിയാണിതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവലിന്‍റെ ഉത്തരവ്.

നിർമാണ പ്രവർത്തനങ്ങൾ വിലക്കി അതോറിറ്റിയും വിവിധ തദ്ദേശ സ്ഥാപനങ്ങളും നൽകിയ നോട്ടീസുകൾ ചോദ്യം ചെയ്ത് മരടിലെ കെ.ജി.എ ഹോട്ടൽ ആന്‍റ് റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പുതിയ നിർമാണത്തിന് അനുമതി നിഷേധിച്ചതിന് പുറമെ നിർമാണം പൂർത്തിയായവ അനധികൃതമാണെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസുകൾ. ഇതിന്റെ പേരിൽ കെട്ടിട നമ്പർ നിഷേധിച്ചതടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു.

തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട 2019 ജനുവരി 18ലെ വിജ്ഞാപന പ്രകാരം ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചത് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പരിപാലന പ്ലാനുകൾ തയാറാക്കുന്നത് സംബന്ധിച്ച ആവശ്യവും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്. കടൽതീരം പോലുള്ള മേഖലയിൽ മാത്രമാണ് ഇപ്പോൾ 200 മീറ്റർ ദൂരപരിധിയുള്ളത്.

ഈ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടേയും പരിപാലന അതോറിറ്റിയുടേയും ഉത്തരവുകളും നോട്ടീസുകളും സ്വന്തം ഭൂമി ഉപയോഗിക്കുന്ന കാര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിർമാണ അനുമതി തേടി നൽകിയിരുന്ന അപേക്ഷകൾ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും നിർദേശിച്ചു. 

Tags:    
News Summary - kerala High Court on Coastal Regulation Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.