കൊച്ചി: രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫിസിലെ എസ്.എഫ്.ഐ ആക്രമണത്തിന് പിന്നാലെ ഗാന്ധിചിത്രം നശിപ്പിച്ചെന്ന പേരിൽ ഓഫിസ് ജീവനക്കാർക്കെതിരെ എടുത്ത കേസിലെ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. കേസിൽ പ്രതികളും ഓഫിസ് ജീവനക്കാരുമായ വയനാട് പൂമല സ്വദേശി കെ.ആർ. രതീഷ്കുമാർ, കുപ്പാടി സ്വദേശി കെ.എ. മുജീബ്, തൂണേരി സ്വദേശി രാഹുൽ സുജാത രവീന്ദ്രൻ, കോൺഗ്രസ് പ്രവർത്തകൻ കൽപറ്റ സ്വദേശി വി. നൗഷാദ് എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ രണ്ട് മാസത്തേക്ക് നടപടികൾ സ്റ്റേ ചെയ്തത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയ അഡ്വ. കിഷോർലാലിന് നോട്ടീസ് നൽകാനും ഉത്തരവിട്ടു.
2022 ജൂൺ 24ന് ഓഫിസിൽ അതിക്രമിച്ചുകയറിയ എസ്.എഫ്.ഐ പ്രവർത്തകർ ഫർണിച്ചർ തകർത്തെന്നും ഗാന്ധിചിത്രം ചുവരിൽനിന്നെടുത്ത് നശിപ്പിച്ചെന്നുമായിരുന്നു കോൺഗ്രസിന്റെ പരാതി. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകർ മടങ്ങിയ ശേഷം ഓഫിസ് ജീവനക്കാർതന്നെയാണ് ചിത്രം എടുത്ത് നശിപ്പിച്ചതെന്ന് കിഷോർലാൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ജൂലൈ നാലിന് ഈ പരാതിയിൽ ഹരജിക്കാർക്കെതിരെ കേസെടുത്തു. എന്നാൽ, കേസെടുക്കാൻ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നും കൽപറ്റ സി.ജെ.എം കോടതിയിലുള്ള കേസിന്റെ തുടർ നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.