വിഴിഞ്ഞം: കർശന നടപടിക്ക്​ നിർബന്ധിക്കരുതെന്ന്​ സമരക്കാരോട്​ ഹൈകോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്​ മതിയായ പൊലീസ്​ സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ്​ കർശനമായി നടപ്പാക്കണമെന്ന്​ ഹൈകോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കർശന നടപടിയിലേക്ക്​ കടക്കാൻ നിർബന്ധിക്കരുതെന്നും ജസ്റ്റിസ്​ അനു ശിവരാമൻ മുന്നറിയിപ്പ്​ നൽകി. റോഡിലെ തടസ്സങ്ങൾ നീക്കിയേ തീരൂവെന്നും സമരക്കാരോട്​ നിർദേശിച്ചു.

മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസ്സപ്പെട്ടെന്ന ഹരജിയിൽ മതിയായ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലീസും സർക്കാറും പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

വെള്ളിയാഴ്ച ഹരജികൾ പരിഗണനക്കെടുത്തപ്പോൾ സമരം അക്രമാസക്തമാണെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം നിർമാണമേഖലയിൽ സമരക്കാർ അതിക്രമിച്ചു കയറിയതും വള്ളം കത്തിച്ചതുമടക്കമുള്ള സംഭവങ്ങൾ അവർ വിശദീകരിച്ചു. അഞ്ഞൂറോളം ബോട്ടാണ്​ തുറമുഖ നിർമാണമേഖലയിൽ അതിക്രമിച്ചുകയറിയത്​. പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ്​ പാലിക്കാൻ പൊലീസും സർക്കാറും തയാറാകുന്നില്ല. തുറമുഖ നിർമാണ മേഖലയിലേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ നിർമിച്ച സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈകോടതി ഉത്തരവ്​ ഇനിയും പാലിച്ചില്ലെന്നും അറിയിച്ചു.

Full View

തുടർന്ന്, ഉത്തരവുകൾ പാലിക്കാൻ സമരക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും റോഡിലെ തടസ്സങ്ങൾ നീക്കിയേ പറ്റൂ എന്നും കോടതി വ്യക്തമാക്കി. സമരം പാടില്ലെന്ന്​ പറയാനാവില്ലെങ്കിലും നിയമം കൈയിലെടുത്തോ നിയമവാഴ്ചക്ക്​ ഭീഷണിയാകുന്ന തരത്തിലോ ഉള്ള സമരം അനുവദിക്കാനാകില്ലെന്ന്​​ കോടതി മുന്നറിയിപ്പ്​ നൽകി. പദ്ധതി പ്രദേശത്തേക്ക് ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും പോകാനും വരാനും തടസ്സമുണ്ടാകരുതെന്നതടക്കം ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പാക്കണം. കോടതിയുത്തരവ് പാലിക്കാൻ ശ്രമിക്കുമെന്ന് സമരക്കാരുടെ അഭിഭാഷകൻ ഈ ഘട്ടത്തിൽ അറിയിച്ചു. തുടർന്ന് നടപടികൾ അറിയിക്കാൻ നിർദേശിച്ച് ഹരജി ഒക്ടോബർ 31ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Kerala High Court told vizhinjam protesters not to force strict action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.