മിന്നൽ ഹർത്താൽ: അക്രമം തടയാൻ സർക്കാർ ഒന്നും ചെയ്തില്ല -​ഡിവിഷൻ ബെഞ്ച്​

കൊച്ചി: നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന്​ ഉത്തരവുകളുണ്ടായിട്ടും മിന്നൽ ഹർത്താൽ ദിനത്തിലെ പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നും ചെയ്തില്ലെന്ന്​ ഹൈകോടതി. സംഘടന മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒരാഴ്ച മുമ്പ്​ നോട്ടീസ്​ നൽകണമെന്ന 2019ലെ ഹൈകോടതി ഉത്തരവ്​ കണക്കിലെടുത്ത്​ ഹർത്താൽ അനുകൂലികളുടെ പ്രകടനവും ഗതാഗതതടസ്സമുണ്ടാക്കലും കൂട്ടം ചേരലും മറ്റും നടക്കുന്നില്ലെന്ന്​ സർക്കാർ ഉറപ്പുവരുത്തണമായിരുന്നു. എന്നാൽ, ഹർത്താൽ ദിവസംപോലും സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ ഫലപ്രദമായ നടപടി ഉണ്ടായത്​ കോടതി ഇടപെടലുണ്ടായ ശേഷമാണെന്ന്​ ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി.

മിന്നൽ ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന്​ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്​. അതിനാൽ ഈ ഉത്തരവ്​​ ലംഘിച്ച്​ ഹർത്താൽ ആഹ്വാനം ചെയ്യുന്നവർ അതുമൂലമുണ്ടായ ദോഷഫലങ്ങൾക്ക്​ ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥരാണ്​. മുൻകൂർ നോട്ടീസ്​ നൽകി സമാധാനപരമായി നടത്തുന്ന പണിമുടക്കുകൾക്ക്​ ഇത്​ ബാധകമല്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യം പോലും സമ്പൂർണമല്ല. ​പണിമുടക്കുന്നവരുടെ അവകാശത്തിനൊപ്പം പൊതുജനത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്​. സംഘടിതരല്ലാത്ത ജനത്തിന്​ എപ്പോഴും ഭയപ്പാടോടെ ജീവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഹർത്താൽ ദിവസം​ കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ നേരെയുണ്ടായ ആക്രമണത്തിന്‍റെ പേരിൽ 63 കേസെടുത്തതായി സർക്കാർ അറിയിച്ചു. 48 പേരെ അറസ്റ്റ്​ ചെയ്തു. സ്വകാര്യ വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 12.32 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 50 കേസുകൾ രജിസ്റ്റർ ചെയ്തു. ഹർത്താൽ ദിനം തന്നെ 60 പ്രതികളെ അറസ്റ്റ്​ ചെയ്തു.

പൊതുവഴികളിൽ തടസ്സമുണ്ടാക്കിയതിന്​ 118 കേസുകൾ രജിസ്റ്റർ ചെയ്തു.​ 1054 പേരെ അറസ്റ്റ്​ ചെയ്തു. കൊല്ലം ഇരവിപുരത്ത്​ പൊലീസിനുനേരെ വധശ്രമമുണ്ടായി. ഇതിലും കേസെടുത്ത്​ അന്വേഷിച്ചു വരുന്നു. സെപ്​റ്റംബർ 26വരെ 417 എഫ്​.ഐ.ആറുകൾ രജിസ്റ്റർ ചെയ്​തെന്നും 1992 പേരെ അറസ്റ്റ്​ ചെ​യ്​തെന്നും സർക്കാർ അറിയിച്ചു. 687 പേരെ കരുതൽ തടങ്കലിലാക്കി. 5.06 കോടിയുടെ നഷ്ടമുണ്ടായതായാണ്​ കെ.എസ്​.ആർ.ടി.സി റിപ്പോർട്ട്​ നൽകിയത്​.

Tags:    
News Summary - Kerala highcourt on harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.