കൊച്ചി: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമേയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്ന് ഹൈകോടതി. നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽപോലും കാതലായ മാറ്റം ഉണ്ടായി. ചെറുപ്പക്കാർ ഏറെ പേർ വിദേശത്താണ്. ചെറിയ അവധിക്കാലത്താണ് അവർ നാട്ടിലെത്തുന്നത്. ഇതിനിടെയാണ് വിവാഹത്തിനും സമയം കണ്ടെത്തുന്നത്. എന്നാൽ, വിവാഹം കഴിക്കാൻ ദീർഘദിവസത്തെ നോട്ടീസ് കാലയളവ് തീരാൻ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ, വിജഞാന, സാങ്കേതിക, സാമൂഹിക തലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്‍റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവുതേടി വിദേശത്തുനിന്ന് അവധിക്കെത്തിയ എറണാകുളം സ്വദേശികളായ ബിജി പോൾ, ജോയ്സി ജോസഫ് എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി നോട്ടീസ് നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളിലൊരാൾ വിവാഹ ഓഫിസറുടെ പരിധിയിൽ 30 ദിവസം താമസിച്ചിരിക്കണം. ഇതിനുശേഷം വീണ്ടും 30 ദിവസം കൂടി കാത്തിട്ട് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ. ഈ വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നും നിർദേശരൂപത്തിലുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് നിർബന്ധമില്ലാത്തതാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവ് നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, ഇത്തരമൊരു ഇടക്കാല ഉത്തരവ് നിയമപരമായ വ്യവസ്ഥയെ സ്റ്റേ ചെയ്തതിന് തുല്യമായിരിക്കുമെന്ന കേന്ദ്രസർക്കാറിന്‍റെ വാദം പരിഗണിച്ച കോടതി തള്ളി. എതിർപ്പുകളുണ്ടെങ്കിൽ അറിയിക്കാൻ സമയം അനുവദിക്കാനാണ് 30 ദിവസത്തെ നോട്ടീസ്. അരനൂറ്റാണ്ടായി നിലനിൽക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥയാണിത്. ഇത് ലംഘിച്ച് ഇടക്കാല ഉത്തരവ് നൽകരുതെന്നായിരുന്നു കേന്ദ്രസർക്കാറിന്‍റെ വാദം.
വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്ന് ബോധ്യമാകാത്തതിനാൽ ഇടക്കാല ഉത്തരവിടാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി. വ്യവസ്ഥകൾ നിയമപരമെന്ന കോടതി ഉത്തരവുകൾ അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇടക്കാല ആവശ്യം തള്ളുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ച കോടതി ഹരജി ഒരു മാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.