തിരുവനന്തപുരം: സുവർണ ചകോരത്തിനായി മത്സരരംഗത്തുള്ള ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ നൻപകൽ നേരത്ത് മയക്കത്തിനായി തുടർച്ചയായ രണ്ടാം ദിനവും ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റം. ഉച്ചക്ക് 12ന് പ്രദർശിപ്പിക്കുന്ന സിനിമക്കായി രാവിലെ 5.30 മുതൽ ക്യൂവിൽ നിന്നവർക്കും തിയറ്ററിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ ഡെലിഗേറ്റുകളിൽ ഒരുവിഭാഗം തിയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിയറ്റർ പരിസരത്തുനിന്ന് പുറത്താക്കിയത്.
ചിത്രത്തിന്റെ രണ്ടാം പ്രദർശനം ഇന്നലെ ഏരീസ് പ്ലക്സ് തിയറ്ററിലാണ് നിശ്ചയിച്ചിരുന്നത്. 12നുള്ള ഷോക്കായി സീറ്റ് റിസർവ് ചെയ്യാത്തവർ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് രാവിലെ 5.30 മുതൽ തിയറ്ററിന് മുന്നിൽ ക്യൂ നിന്നു. എന്നാൽ, സീറ്റ് ബുക്ക് ചെയ്തവരും ഒഫിഷ്യലുകളും തിയറ്ററുകളിലേക്ക് എത്തിയതോടെ സിനിമ കാണാൻ പ്രതീക്ഷയോടെ എത്തിയ ആയിരങ്ങളെ പുറത്താക്കി പൊലീസ് ഗേറ്റ് അടച്ചു. കഴിഞ്ഞ ദിവസം ടാഗോറിൽ റിസർവ് ചെയ്യാത്തവർക്ക് രണ്ടാം പ്രദർശനത്തിൽ മുൻഗണന നൽകുമെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് അറിയിച്ചിരുന്നു. എന്നാൽ, ഇവരിൽ പലർക്കും ഇന്നലെയും സിനിമ കാണാൻ കഴിയാതെ വന്നതോടെ ഒരുവിഭാഗം തിയറ്ററിന് മുന്നിൽ പ്രതിഷേധിച്ചു. സിനിമയുടെ അവസാന പ്രദർശനം ഇന്ന് രാവിലെ 9.30ന് അജന്ത തിയറ്ററിൽ നടക്കും.
ചലച്ചിത്രപ്രേമികളുടെ ഇഷ്ടസംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനവും ഇന്നലെ മേളയിൽ നടന്നു. ഈ സിനിമ ചിത്രീകരണത്തിനിടെയാണ് കോവിഡ് ബാധിച്ച് കിം മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രം കൈയടികളോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ച അർധരാത്രി 12.05ന് നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ഇന്തോനേഷ്യൻ ഹൊറർ ചിത്രം സാത്താൻ സ്ലേവ്സ് - 2 കാണാൻ നിശാഗന്ധിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശബ്ദവിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമ കണ്ട് യുവാവ് മോഹാലസ്യപ്പെട്ടു വീണു. ഇദ്ദേഹത്തെ പിന്നീട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ആരോഗ്യസ്ഥിതി സാധാരണനിലയിൽ എത്തിയതോടെ രാവിലെയോടെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.