തിരുവനന്തപുരം: ജെ.എഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ പ്രസിഡൻറ് ദേവഗൗഡയുടെ നടപടിയോടെ കേരള ഘടകം കൂടുതൽ പ്രതിസന്ധിയിലേക്ക്. 11ന് സമാന്തര കൗൺസിൽ വിളിച്ചുചേർക്കാനുള്ള തീരുമാനത്തിൽ നാണു ഉറച്ചുനിൽക്കുകയാണ്. ഈ യോഗത്തിൽ തങ്ങളാണ് യഥാർഥ ജെ.ഡി.എസ് എന്ന് പ്രഖ്യാപിക്കുകയും ഒപ്പം ദേവഗൗഡയെ പുറത്താക്കാനുമാണ് സാധ്യത. അങ്ങനെയെങ്കിൽ കേരള ഘടകം ആർക്കൊപ്പമെന്ന ചോദ്യം വീണ്ടും ശക്തമാകും. ഉത്തരം നൽകാൻ മാത്യു ടി. തോമസും കെ. കൃഷ്ണൻ കുട്ടിയും നിർബന്ധിതവുമാകും. ബി.ജെ.പിയുമായി കൂട്ടുചേർന്ന ദേവഗൗഡക്കെതിരെയുള്ള നടപടിയടക്കം ആലോചിക്കുന്ന 11ലെ യോഗത്തിൽ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും സംസ്ഥാന ഘടകത്തിന് നാണു വിഭാഗം അന്ത്യശാസനം നൽകിയിരുന്നു.
അതേസമയം, ബംഗളൂരുവിലെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ പങ്കെടുക്കാത്ത പക്ഷം കേരളഘടകത്തെ കൂടി പുറത്താക്കാനും സാധ്യതയുമുണ്ട്. ബി.ജെ.പിക്കൊപ്പം ചേർന്ന ദേവഗൗഡയെ അംഗീകരിക്കാൻ കേരളഘടകത്തിന് കഴിയില്ല. എന്നാൽ ഒരു മന്ത്രിയും എം.എൽ.എയുമടക്കം നിയമസഭയിൽ രണ്ട് ജനപ്രതിനിധികളുള്ളതിനാൽ ഗൗഡയെ തള്ളിപ്പറഞ്ഞ് കൂറുമാറ്റ നിരോധനനിയമം മൂലമുള്ള അയോഗ്യത സ്വയം വരിക്കാൻ തയാറുമല്ല.
നാണുവിന്റെ നിലപാടുകൾ ആശയപരമായി ശരിയാണെങ്കിലും അയോഗ്യത ഭീതിയാണ് അദ്ദേഹത്തെ തുറന്ന് അംഗീകരിക്കാൻ കേരള ഘടകത്തിന് മുന്നിലെ തടസ്സം. ജെ.ഡി.എസ് ബി.ജെ.പി സഖ്യത്തിലെത്തിയിട്ടും സംസ്ഥാനത്ത് ഇടതുമുന്നണിയിലും മന്ത്രിസഭയിലും തുടരുകയാണെന്നും സി.പി.എം അവരോട് മൃദുസമീപനം കാട്ടുകയാണെന്നും ആക്ഷേപമുയർന്നിരുന്നു. നിലവിലെ വിവാദങ്ങളെ മറികടക്കാൻ കേരളഘടകത്തെ ചേർത്തുനിർത്തുന്ന നിലപാട് മുഖ്യമന്ത്രി കൈക്കൊണ്ടെങ്കിലും ഇത്തരമൊരു ചേർത്തുനിർത്തൽ അധികനാൾ തുടരാനാവില്ല. മുഖ്യശത്രുവായ ബി.ജെ.പിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
പാർട്ടി അപമാനിക്കപ്പെടുമ്പോൾ ശരിയല്ലെന്ന് പറയാനുള്ള ബാധ്യത തനിക്കുണ്ടെന്ന് സി.കെ. നാണു
വടകര: ജനതാദൾ വളരെക്കാലമായി സ്വീകരിച്ച അടിസ്ഥാന മൂല്യങ്ങൾക്കെതിരായി ചില മേഖലകളിൽനിന്നും പാർട്ടിയെ ആളുകൾക്കിടയിൽ അപമാനിക്കാൻ പരിശ്രമിക്കുമ്പോൾ ശരിയല്ലെന്ന് പറയാനുള്ള ബാധ്യത തനിക്കുണ്ടെന്ന് സി.കെ. നാണു. ദീർഘകാലമായി ദളിന്റെ പ്രവർത്തകനായ താൻ ന്യായമായി പ്രവർത്തിക്കുന്നവർക്കെതിരെ ഒന്നും പറയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.