ആലത്തൂരിൽ വിജയിച്ച് പാർലമെന്റിലെത്തിയ മുൻമന്ത്രി കെ. രാധാകൃഷ്ണനെ നാടുകടത്തുകയായിരുന്നെന്ന മഞ്ഞളാംകുഴി അലിയുടെ വാദം അംഗീകരിച്ചുകൊടുക്കാൻ ഭരണപക്ഷം തയാറല്ലായിരുന്നു. ബളഹം വെച്ചിട്ടും വാദിച്ചുനോക്കിയിട്ടും മഞ്ഞളാംകുഴി അലി നാടുകടത്തൽ വാദത്തിൽ ഉറച്ചുതന്നെ നിലക്കൊണ്ടു. ഭരണപക്ഷമുണ്ടോ വിട്ടുകൊടുക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജി വെച്ച് പാർലമെന്റിലേക്ക് പോയതോ?. ഷാഫി പറമ്പിൽ പാലക്കാട് രാജി വെച്ച് പാർലമെന്റിലെത്തിയതോ?. അത് നാടുകടത്തലല്ലേ?. ഭരണപക്ഷത്തുനിന്ന് ചോദ്യങ്ങൾ തുരുതുരാ വന്നു.
പട്ടിക വിഭാഗ-ന്യൂനപക്ഷ-പിന്നാക്ക വകുപ്പുകളുടെ ധനാഭ്യർഥനയിൽ നാടുകടത്തൽ വാദം മഞ്ഞളാംകുഴി അലിയുടെ നാടുകടത്തൽ പരാമർശം അബദ്ധമൊന്നുമായിരുന്നില്ല. നല്ല കുറെ ആളുകളെ കൽപിച്ച് കൂട്ടി നിങ്ങൾ നാടുകടത്തിയെന്ന് തന്നെ ഭരണപക്ഷ എതിർപ്പിനിടെ അലി പറഞ്ഞുവെച്ചു. ജനങ്ങൾ ജയിപ്പിച്ച അംഗത്തെ നാടുകടത്തി എന്ന് പരാമർശിച്ചത് മന്ത്രി എ.കെ. ശശീന്ദ്രൻ ചോദ്യം ചെയ്തു. ജനങ്ങളുടെ വിധിക്കെതിരായ അതിഗുരുതര ആരോപണമായി ഇതിനെ കണ്ട ശശീന്ദ്രൻ അലിയോട് അതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നാടുകടത്തി എന്നതിൽതന്നെ ഉറച്ചു നിന്ന അലി കെ. രാധാകൃഷ്ണനെപോലെ ഒരു സഖാവിനെ ഇവിടെ കാണിച്ച് തരാൻ വെല്ലുവിളിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് മത്സരിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് നാടുകടത്താനുള്ള ലീഗിന്റെ ഗ്രൂപ്പ്കളിയുടെ ഭാഗമായിരുന്നോ എന്ന ചോദ്യം സെബാസ്റ്റ്യൻ കുളത്തുങ്കലിന്റേതായിരുന്നു. ഷാഫി പറമ്പിലിനെയും നാടുകടത്തലാണോ?. ഒ.എസ്. അംബികക്കുമുണ്ടായിന്നു പ്രതിഷേധം. നിങ്ങളുടെ എം.പിമാരെ പോലെ കൂടോത്രം ചെയ്ത് വിട്ടതല്ല, ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചാണെന്ന് ഓർമപ്പെടുത്തൽ. കെ.പി.സി.സി. ഓഫിസിന്റെ പേര് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നതിന് പകരം കൂടോത്ര പ്രചാരണ കോൺഗ്രസ് കമ്മിറ്റി എന്നാക്കണമെന്ന് മുരളി പെരുനെല്ലി നിർദേശിച്ചു. കൂടോത്രം വഴി എതിരാളികളെ ഇല്ലാതാക്കാൻ കഴിയുമെന്ന അറുപിന്തിപ്പൻ ആശയങ്ങൾ വെച്ചുപുലർത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നതാണ് കൂടോത്രം സംഭവത്തെ മുരളി വിലയിരുത്തുന്നത്. കോൺഗ്രസ് എന്നാൽ കൂടോത്രം, കൂടോത്രം എന്നാൽ കോൺഗ്രസ് എന്ന നിലയിലേക്ക് മാറിയെന്ന് എം.എസ്. അരുൺകുമാറിന്റെ പരിഹാസം. ശാസ്ത്രം ഇത്രയേറെ വളരുന്ന ഘട്ടത്തിൽ വളർച്ചയില്ലാത്തവരായി കോൺഗ്രസ് മാറുന്നു. ആധുനിക സമൂഹത്തിൽ നരബലിയും മൃഗബലിയും കൂടോത്രവും അപമാനമാണെന്ന് കൂടി അരുൺകുമാർ അടിവരയിട്ടു.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും വീണ്ടും കേസ് എടുക്കുകയാണ് ചെയ്തതെന്ന മഞ്ഞളാംകുഴിയുടെ ആരോപണത്തെ പി.ടി.എ. റഹീം തള്ളി. ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. അതു ചെയ്തിട്ടുണ്ട്. നേരത്തേ സഭയിൽ റഹീമിനെതിരെ ഉയർന്ന വാടകക്ക് എടുക്കൽ ആരോപണത്തിന് കടുത്ത ഭാഷയിലാണ് പി.ടി.എ. റഹീം മറുപടി പറഞ്ഞത്. മഞ്ഞളാംകുഴിയെ വാടകക്ക് എടുത്തതായിരിക്കും. മുമ്പ് സർക്കാറിനെ നിലനിർത്താൻ സ്പീക്കറുടെ കാസ്റ്റിങ് വോട്ട് വേണ്ടി വന്ന സമയത്ത് അന്ന് മഞ്ഞളാംകുഴിക്കായി ചെയ്തപോലെ ചെയ്യാമെന്ന് പറഞ്ഞ് തന്റെ അടുത്തു വന്നിരുന്നു. അങ്ങനെ എന്നെ കിട്ടുമെന്ന് നോക്കണ്ട. വേരൊരാളെ കണ്ടെത്തി രാജി വെപ്പിക്കുകയാണ് പിന്നീട് ചെയ്തത്. നിങ്ങൾ മഞ്ഞളാംകുഴി അലിയെ നോക്കിയാൽ മതി, എന്നെ നോക്കണ്ട. പി.ടി.എ. റഹീം ഒരു വെളിപ്പെടുത്തൽ കൂടി നടത്തി.
പട്ടിക വിഭാഗത്തിന് വീട് വെക്കാൻ നാലു ലക്ഷം നൽകുമ്പോൾ വെയിറ്റിങ് ഷെഡിന് അഞ്ചു ലക്ഷവും പശുതൊഴുത്തിന് 40 ലക്ഷവുമാണെന്ന് പി.സി. വിഷ്ണുനാഥിന്റെ പരിഹാസം. മാറ്റം വരേണ്ടേ?. ന്യൂനപക്ഷ വകുപ്പ് 14 ശതമാനം ഒരു രൂപ പോലും ചെലവിട്ടില്ലെന്ന മാധ്യമ റിപ്പോർട്ട് വിഷ്ണുനാഥ് ഉയർത്തിക്കാട്ടി. പുതിയ മന്ത്രി ഒ.ആർ. കേളുവിന് അംഗങ്ങൾ ആശംസകൾ ചൊരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.