കരിപ്പൂർ: വ്യോമയാന മേഖലയിലെ പ്രതിസന്ധികൾക്കിടയിലും തുടർച്ചയായ നാലാം വർഷവും എയർ ഇന്ത്യ എക്സ്പ്രസിനെ ലാഭത ്തിലെത്തിച്ച് കേരളം. മുൻവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇക്കുറി ലാഭവിഹിതത്തിൽ 35 ശതമാനം കുറവ് വന്നപ്പോഴും പിടിച്ചുനിൽക്കാൻ സഹായിച്ചത് സംസ്ഥാനത്തുനിന്ന് ഗൾഫ് സെക്ടറിലേക്കുള്ള സർവിസുകളാണ്. 2017-18ൽ 262 കോടി ലാഭമുണ്ടായിരുന്നത് 2018-19 സാമ്പത്തിക വർഷം 169 കോടിയായാണ് കുറഞ്ഞത്. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും സാമ്പത്തിക പ്രതിസന്ധിയുമാണ് ലാഭം കുറയാൻ കാരണമായി പറയുന്നത്.
ഇന്ത്യയിലെ 20 വിമാനത്താവളങ്ങളിൽനിന്നായി ആഴ്ചയിൽ 350ഓളം സർവിസുകളാണ് എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 185 സർവിസുകൾ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്ന് മാത്രമാണ്. കോഴിക്കോട് -81, കൊച്ചി -51, തിരുവനന്തപുരം -30, കണ്ണൂർ -23 എന്നിങ്ങനെയാണ് കേരളത്തിൽനിന്നുള്ള സർവിസുകൾ. ഇതിൽ കൊച്ചിയിൽനിന്നുള്ള സിംഗപ്പൂരും മറ്റ് ആഭ്യന്തര സർവിസുകളും മാറ്റിനിർത്തിയാൽ കൂടുതലും ഗൾഫ് സെക്ടറിലേക്കാണ്.
ദുബൈ, അബൂദബി, ഷാർജ, ദോഹ, മസ്കത്ത്, ബഹ്റൈൻ തുടങ്ങിയവയാണ് പ്രധാന െസക്ടറുകൾ. റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്ക് കേരളത്തിൽനിന്ന് എക്സ്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. എക്സ്പ്രസിെൻറ ഗൾഫ് സെക്ടറിലേക്കുള്ള സർവിസുകളിൽ കൂടുതലും കരിപ്പൂരിൽനിന്നാണ്. ഇവിടെനിന്ന് കൂടുതൽ സർവിസ് നടത്തുന്ന വിമാനകമ്പനിയും എയർ ഇന്ത്യ എക്സ്പ്രസാണ്. കേരളത്തിന് പുറമെ മംഗലാപുരം (33), തിരുച്ചിറപ്പള്ളി (21), മുംബൈ (21), ഡൽഹി (21) എന്നിവയാണ് കൂടുതൽ സർവിസുകളുള്ള വിമാനത്താവളങ്ങൾ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം 4,202 കോടിയാണ്. തൊട്ടുമുൻവർഷത്തെക്കാൾ 16.07 ശതമാനം വർധന കൈവരിക്കാൻ സാധിച്ചു. 2017-18ൽ 3,620 കോടിയായിരുന്നു. യാത്രക്കാർ 38.9 ലക്ഷമായിരുന്നത് 43.6 ലക്ഷമായും കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.