തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികയിലേക്കായി നീറ്റ് സ്കോർ സമർപ്പിച്ചത് അരലക്ഷം വിദ്യാർഥികൾ. നീറ്റ് പരീക്ഷയിൽ നേടിയ സ്കോർ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ഇതുപ്രകാരം 50,361 വിദ്യാർഥികൾ ഒാൺലൈനായി പ്രവേശന പരീക്ഷ കമീഷണർക്ക് വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇവരെ മാത്രമേ സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താനായി പരിഗണിക്കൂ.
ഇൗ മാസം 15ന് മുമ്പായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം. കഴിഞ്ഞ ആറിന് സ്കോർ സമർപ്പണത്തിനുള്ള സമയം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, 43,000 വിദ്യാർഥികൾ മാത്രമേ സമർപ്പിച്ചിരുന്നുള്ളൂ. എണ്ണക്കുറവ് പരിഗണിച്ച് രണ്ടുദിവസം കൂടി സമയം നീട്ടിനൽകുകയായിരുന്നു. ഉയർന്ന ഫീസ് നിരക്കാണ് അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതെന്നാണ് സൂചന. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്ക് പുറമെ ഹോമിയോ, ആയുർവേദം, യുനാനി, സിദ്ധ, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി കോഴ്സുകളിലേക്കും ഇൗ റാങ്ക് പട്ടികയിൽനിന്നാണ് അലോട്ട്മെൻറ് നടത്തുക. സി.ബി.എസ്.ഇ കേരളത്തിന് കൈമാറിയ റാങ്ക് പട്ടികയിൽനിന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് പ്രത്യേകം റാങ്ക് പട്ടിക തയാറാക്കുകയാണ് ചെയ്യുക. നീറ്റ് കേരള പട്ടിക പ്രസിദ്ധീകരിച്ചാൽ 15 മുതൽ ഒാപ്ഷൻ സ്വീകരിച്ചുതുടങ്ങാനാണ് ആലോചന.
അഖിലേന്ത്യ േക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് ജൂലൈ 15നാണ് പ്രസിദ്ധീകരിക്കുക. അഖിലേന്ത്യ േക്വാട്ടയിൽ അലോട്ട്മെൻറ് ലഭിച്ചവർ 22നകം പ്രവേശനം നേടണമെന്നതിനാൽ സംസ്ഥാനത്തെ ആദ്യ അലോട്ട്മെൻറ് അതിന് മുമ്പ് പ്രസിദ്ധീകരിക്കും. അഖിലേന്ത്യ േക്വാട്ടയിലെ രണ്ടാം അലോട്ട്മെൻറ് ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് ഒമ്പത് മുതൽ 16വരെയാണ് ഇൗ അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടേണ്ടത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. നിലവിൽ രണ്ട് അലോട്ട്മെൻറുകളാണ് പ്രവേശന ഷെഡ്യൂളിലെ നിർദേശം. അവശേഷിക്കുന്ന സീറ്റുകൾ സ്പോട് അലോട്ട്മെൻറിലൂടെ നികത്താനാണ് ധാരണ.
മാനേജ്മെൻറുകളുമായി നാളെ ചര്‍ച്ച;പകുതി സീറ്റില്‍ ഫീസ് വര്‍ധന വേണമെന്ന് ആവശ്യം
പകുതി സീറ്റുകളില്‍ ഫീസ് ഇളവ് നൽകാമെന്ന വാഗ്ദാനവുമായി സര്‍ക്കാറിനെ സമീപിച്ച മെഡിക്കല്‍ കോളജ് മാനേജ്മെൻറുകളുമായി തിങ്കളാഴ്ച ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. 50 ശതമാനം സീറ്റുകളില്‍ ഫീസ് ഇളവ് നൽകാമെന്നാണ് മാനേജ്മെൻറുകള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, അവശേഷിക്കുന്ന സീറ്റുകളില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഉയര്‍ന്ന ഫീസാണ് മാനേജ്മെൻറുകള്‍ ആവശ്യപ്പെടുന്നത്. 35 ശതമാനം സീറ്റുകളില്‍ വാര്‍ഷികഫീസായി 14 ലക്ഷവും 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ 22 ലക്ഷവുമാണ് മാനേജ്മെൻറുകളുടെ ആവശ്യം. കഴിഞ്ഞവര്‍ഷം ഇത് 11 ലക്ഷവും 15 ലക്ഷവുമായിരുന്നു. പകുതി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം നൽകാമെന്ന മാനേജ്മെൻറുകളുടെ നിർദേശം സര്‍ക്കാറിനും സമ്മതമാണ്. നീറ്റ് റാങ്ക് പട്ടികയിൽനിന്ന് വ്യത്യസ്ത ഫീസ് നിരക്കിൽ വിദ്യാർഥി പ്രവേശനം നടത്തുന്നത് ഭാവിയിൽ നിയമപ്രശ്നം ഉണ്ടാക്കുമോ എന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിെൻറ നിയമവശങ്ങള്‍കൂടി പരിഗണിച്ചാവും നടപടി.
കഴിഞ്ഞവര്‍ഷം മാനേജ്മെൻറുകള്‍ സര്‍ക്കാറിന് വിട്ടുനൽകിയ പകുതി സീറ്റുകളില്‍ 20 ശതമാനം ബി.പി.എല്‍/എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും 30 ശതമാനത്തിന് 2.5 ലക്ഷവുമായിരുന്നു ഫീസ്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 19 എണ്ണവും പകുതി സീറ്റിൽ കുറഞ്ഞ ഫീസെന്ന ഫോർമുലയിൽ സഹകരിക്കാൻ സന്നദ്ധരാണ്. നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ അഞ്ചരലക്ഷം രൂപ ഏകീകൃത ഫീസ് തന്നെയാകും തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.