തിരുവനന്തപുരം: കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ വൈദ്യുതി ചട്ട ഭേദഗതി വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി മേഖല നിയന്ത്രിക്കുന്ന കുത്തക കമ്പനികൾക്ക് ചാകരയാവും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ഉപഭോക്താവിൽനിന്ന് ഈടാക്കാനാവുന്ന വിധമാണ് ചട്ട ഭേദഗതി.
വൈദ്യുത വിതരണം പൊതുമേഖലയിൽ നിലനിൽക്കുന്നതിനാലും സർക്കാറുകൾ ഊർജരംഗത്ത് നേരിട്ട് മേൽനോട്ടം വഹിക്കുന്നതുകൊണ്ടും കേരളത്തിൽ തൽക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്ന വിധമുള്ള കൂടുതൽ നടപടികളിലേക്ക് കേന്ദ്ര ഊർജ മന്ത്രാലയം നീങ്ങിയാൽ സംസ്ഥാനത്തെയും ബാധിക്കും.
ചട്ട ഭേദഗതിയുടെ സാഹചര്യത്തിൽ വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ കമ്പനികൾക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിരക്ക് വലിയതോതിൽ ഉയർന്നേക്കും. കെ.എസ്.ഇ.ബി പോലുള്ള വിതരണ ഏജൻസികൾക്ക് പ്രതിവർഷം എത്രവരുമാനം വേണമെന്ന് റെഗുലേറ്ററി കമീഷനാണ് നിശ്ചയിക്കാറുള്ളത്.
ഇതും വൈദ്യുതി നിരക്കിലൂടെ കണക്കാക്കുന്ന വരുമാനവും തമ്മിൽ വ്യത്യാസം പാടില്ലെന്നാണ് ഭേദഗതി ചെയ്ത ചട്ടത്തിൽ. കമീഷൻ അംഗീകരിക്കുന്ന വരുമാനം പൂർണമായും വൈദ്യുതി ചാർജിനത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് വഴിതെളിയുന്നത്.
വിതരണക്കമ്പനികളുടെ സമ്പൂർണ പ്രവർത്തന ചെലവിനുള്ള തുക ഉപഭോക്താവിൽനിന്നുതന്നെ ഈടാക്കാനുള്ള വഴിയാണ് കേന്ദ്രം തുറന്നതെന്ന വിമർശനവും ഉയരുന്നു.
അതേസമയം, വൈദ്യുത ഉൽപാദന, വിതരണ മേഖലയിൽ പൊതുമേഖലയെക്കാൾ വലിയ സ്വാധീനശക്തികളായി സ്വകാര്യ കമ്പനികൾ മാറിക്കഴിഞ്ഞു. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, ടാറ്റ പവർ, ടോറന്റ് പവർ, റിലയൻസ്, ജെ.എസ്.ഡബ്ല്യു തുടങ്ങി നിരവധി കമ്പനികളാണ് വൈദ്യതി രംഗത്ത് ശക്തമായ ആധിപത്യം പുലർത്തുന്നത്.
ഇത്തരം കമ്പനികൾക്ക് അനുകൂലമായ നയ സമീപനങ്ങളാണ് കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നടക്കം ഉണ്ടാകുന്നതും. കേന്ദ്ര പരിഗണനയിലുള്ള ‘വൈദ്യുതി നിയമ ഭേദഗതി ബിൽ -2022’ നടപ്പാക്കാൻ സ്വകാര്യ മേഖല സമ്മർദം ചെലുത്തുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നും എത്തിക്കുന്ന കേരളം വൈദ്യുതി മേഖലയിലെ കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കങ്ങൾ ഒരോന്നും കാണുന്നത് കരുതലോടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.