ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല, ചട്ടവിരുദ്ധ സ്ഥാനക്കയറ്റത്തിനും നീക്കം

തിരുവനന്തപുരം: വ്യവസായിക പരിശീലനവകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍ അരിത്തമെറ്റിക് കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) തസ്തികയിലെ ഒഴിവുകള്‍ പൂര്‍ണമായും റിപ്പോര്‍ട്ട് ചെയ്യാത്തതിനുപിന്നാലെ ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കാനും നീക്കം. 76 ഐ.ടി.ഐകളില്‍ ആകെയുള്ള 173 എ.സി.ഡി തസ്തികകളില്‍ 128 എണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്.

അതേസമയം, 106 തസ്തികകള്‍ മാത്രമേ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ശേഷിക്കുന്ന ഒഴിവുകള്‍ സ്ഥാനക്കയറ്റം വഴി നികത്തുമെന്നാണ് വ്യവസായവകുപ്പിന്‍െറ ന്യായവാദം. സാധാരണ ഐ.ടി.ഐകളിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് വര്‍ക്ഷോപ് അറ്റന്‍ഡര്‍ തസ്തികകളില്‍ നിന്നാണ് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്. അതത് ട്രേഡില്‍ ജോലി ചെയ്യുന്ന വര്‍ക്ഷോപ് അറ്റന്‍ഡര്‍മാരെ അതേ ട്രേഡിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടറായി സ്ഥാനക്കയറ്റം നല്‍കും.

എന്നാല്‍, എ.സി.ഡി ഒരു ട്രേഡ് അല്ലാത്തതിനാല്‍ ഈ വിഭാഗത്തിലെ വര്‍ക്ഷോപ് അറ്റന്‍ഡര്‍ തസ്തികയില്‍ ആരും ജോലി ചെയ്യുന്നില്ല. 2015 മാര്‍ച്ച് 24ന് പ്രസിദ്ധീകരിച്ച വര്‍ക്ക്ഷോപ് അറ്റന്‍ഡര്‍മാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വസ്തുത ഇതായിരിക്കെയാണ് മറ്റ് ട്രേഡുകളിലുള്ളവരെ എ.സി.ഡി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാന്‍ ശ്രമം നടക്കുന്നത്. ട്രേഡ് മാറി നിയമിക്കാന്‍ നിയമങ്ങളോ ഉത്തരവുകളോ നിലവിലില്ല. 600 ഉദ്യോഗാര്‍ഥികള്‍ എ.സി.ഡി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം കാത്ത് പുറത്ത് നില്‍ക്കുമ്പോഴാണ് വ്യവസായികപരിശീലനവകുപ്പിന്‍െറ പുതിയ നീക്കം.

മുമ്പ് സ്വന്തം ട്രേഡില്‍ ഒഴിവില്ളെന്ന കാരണം ഉന്നയിച്ച് വര്‍ക് ഷോപ് അറ്റന്‍ഡര്‍മാരെ എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നല്‍കിയത് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കിയിരുന്നു.
2014 മാര്‍ച്ചിനാണ് ഈ തസ്തികയിലേക്ക് പരീക്ഷ നടത്തുകയും 2015 ഡിസംബറില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തത്. 2016 മാര്‍ച്ചില്‍ പ്രമാണപരിശോധനയും പൂര്‍ത്തിയായി.
അഭിമുഖം, അഡൈ്വസ് മെമ്മോ, നിയമന ഉത്തരവ് അയക്കല്‍ എന്നിവക്ക് ഇനിയും കാലതാമസമെടുക്കുമെന്നാണ് വിവരം. 2012ല്‍ തുടങ്ങിയ റിക്രൂട്ട്മെന്‍റ് നടപടികള്‍ ഇന്‍റര്‍വ്യൂ നിശ്ചയിക്കാതെ അനന്തമായി നീളുന്നത് 35 വയസ്സ് കഴിഞ്ഞ ഉദ്യോഗാര്‍ഥികളുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വര്‍ക്ഷോപ് അറ്റന്‍ഡര്‍മാരുടെ പ്രമോഷന്‍ അവര്‍ക്ക് ലഭിച്ച ജോലി ട്രേഡുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും എ.സി.ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മുഴുവന്‍ ഒഴിവുകളും പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

Tags:    
News Summary - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.