ശ്രീകണ്ഠപുരം: ‘മലമടക്കിലും മരക്കൊമ്പിലും കയറേണ്ട ഗതികേടാണ് ഞങ്ങൾക്ക്. ഓൺലൈൻ പഠനം നടത്താൻ വേറെ മാർഗമില്ല. നെറ്റ് പിടിക്കാനാണ് ഇത്രയും സാഹസപ്പെടുന്നത്. ഓൺലൈൻ ക്ലാസിൽ കയറണമെങ്കിൽ വീടിനു പുറത്തിറങ്ങി കാട്ടിലൂടെ നടക്കണം. മഴക്കാലത്ത് ഈ ഭാഗങ്ങളിൽ നെറ്റ് തപ്പിപ്പോകുന്നതുതന്നെ റിസ്ക് പരിപാടിയാണ്. എപ്പോൾ വേണേലും തെന്നി വീഴാം. ചില ഭാഗങ്ങളിൽ പാമ്പുകളും ഉണ്ടാവും. മറ്റ് പ്രയാസങ്ങൾ വേറെ.......’
ഇത് കാരക്കോണം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനി ഏരുവേശ്ശി വലിയ അരീക്കാമലയിലെ കെ.ജി. ശ്രുതിയുടെ വാക്കുകൾ. സഹോദരി കുടിയാന്മല മേരി ക്വീൻസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി അപർണയും ചേച്ചിയോടൊപ്പം ഓൺലൈൻ ക്ലാസ് ലഭിക്കാതെ ‘പരിധിക്ക് പുറത്താണ്’. ‘പാറപ്പുറത്തൊക്കെ പോയാലെ നെറ്റ് കിട്ടാറുള്ളു.
അവിടെനിന്ന് മുറിഞ്ഞ വാക്കുകൾ കേൾക്കാമെന്നല്ലാതെ എഴുതിയെടുക്കാനൊന്നും കഴിയില്ലെന്നാണ് മേരി ക്വീൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ഡോണ മരിയയുടെ സങ്കട വാക്കുകൾ. മഴയിൽ നെറ്റ് തേടി പുറത്തിറങ്ങിയാൽ ഫോണും പുസ്തകവും നനഞ്ഞാണ് തിരികെ വീട്ടിലെത്തുന്നതെന്ന് ഡോണയുടെ സഹോദരി വലിയരീക്കാമല ഗവ. യു.പി സ്കൂൾ ഏഴാം ക്ലാസുകാരി ഡിൽന റോസ്.
ഇവരെപ്പോലെ, നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ടും മൊബൈൽ ടവറുകളുടെ പ്രസാരണശേഷി കുറച്ചതുകൊണ്ടും മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ ഓൺലൈൻ പഠനം നടത്താനാവാതെ നിരവധി വിദ്യാർഥികളാണ് ദുരിതക്കയത്തിലായത്. വലിയ അരീക്കാമല, ചക്കാലക്കവല, പുളിമരംചീത്ത, കക്കുംതടം, വഞ്ചിയം, ആടാംപാറ, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര ഗ്രാമങ്ങളിലെല്ലാം നെറ്റ്വർക്ക് പ്രശ്നം രൂക്ഷമാണ്. ബി.എസ്.എൻ.എൽ ടവറുകളും നെറ്റ്വർക്കും മാത്രമാണ് ഈ മേഖലയിലുണ്ടായിരുന്നത്.
ഈ ടവറുകളുടെ പ്രസാരണ ശേഷി കുറച്ചതിനാൽ ഓൺലൈൻ പഠനത്തിനുള്ള നെറ്റ്വർക്ക് വിദ്യാർഥികൾക്ക് ലഭിക്കില്ല. അത്യാവശ്യത്തിന് വിളിച്ചാൽപോലും കിട്ടാത്ത സ്ഥിതിയുണ്ട്. സ്വകാര്യ മൊബൈൽ കമ്പനികൾ വരുമെന്ന് പലതവണ പറഞ്ഞെങ്കിലും അത് യാഥാർഥ്യമായിട്ടില്ല.
വൈദ്യുതി മുടക്കം പതിവായതിനാൽ ടെലിവിഷൻ വഴിയുള്ള പഠനവും കൃത്യമായി ലഭിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഇടക്കിടെ സാറ്റലൈറ്റ് കണക്ഷൻ നഷ്ടപ്പെടുന്നതും ഇവർക്ക് തിരിച്ചടിയാവുന്നു. വൈദ്യുതി മുടങ്ങുമ്പോൾ ബി.എസ്.എൻ.എൽ ടവറുകൾ പ്രവർത്തിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവരുടെ ഫോണുകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. വെറുതേ മാസ ബില്ല് അടക്കേണ്ട ഗതികേടാണെന്നും പരാതി അറിയിച്ചാലും ജീവനക്കാർ തിരിഞ്ഞുനോക്കാറില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
ജീവനക്കാർ വിരമിച്ചതോടെ മലയോരത്തെ ടെലിഫോൺ എക്സ്ചേഞ്ചുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബ്രോഡ് ബാൻഡ് കണക്ഷനുകളിലെ തകരാറുകൾ പരിഹരിക്കാനും ആളില്ല. കർണാടക വനാതിർത്തിയോട് ചേർന്നുള്ള ആടാംപാറ, നറുക്കുംചീത്ത തുടങ്ങിയ മേഖലയിലെ കുട്ടികൾക്ക് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ നെറ്റ്വർക്ക് തേടി പുറത്തിറങ്ങാനും സാധിക്കുന്നില്ല.
അതേസമയം, നെറ്റ്വർക്കില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്നതായുള്ള പരാതികൾ വ്യാപകമായിട്ടുണ്ടെന്നും മൊബൈൽ കമ്പനി ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗം വിളിച്ച് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും കലക്ടർക്കും കത്തു നൽകിയതായും കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.