മലപ്പുറം: ദേശീയപതാകയെ അവഹേളിച്ചെന്ന് പറഞ്ഞ് മുൻ എം.എൽ.എ സി. മോയിൻകുട്ടിക്കെതിരെ കേസെടുത്ത സംഭവം പൊലീസ്- സംഘ്പരിവാർ ബന്ധത്തിെൻറ ഒടുവിലെ ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസ് സംരക്ഷണത്തിൽ കഴിയുന്ന ഡോ. ഹാദിയയുടെ വീട്ടിലേക്ക് രാഹുൽ ഈശ്വറിനും ആർ.എസ്.എസുകാർക്കും പ്രവേശനാനുമതി നൽകിയതും ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കള്ളനോട്ട് കേസിെൻറ അന്വേഷണം എങ്ങുമെത്താത്തതുമെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് അദ്ദേഹം മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
താമരശ്ശേരി കോരങ്ങാട്ട് ലീഗിെൻറ കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതിനാണ് മോയിൻകുട്ടിക്കെതിരായ കേസ്. സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളുമൊക്കെ സ്വന്തം കൊടിമരത്തിൽത്തന്നെയാണ് പതാക കെട്ടാറ്. ലീഗ് കൊടിമരത്തിൽ ഐ.യു.എം.എൽ എന്നുണ്ടായിരുന്നുവെന്നതാണ് ദേശദ്രോഹമായി കാണുന്നത്. ആർ.എസ്.എസ് മേധാവി പാലക്കാട്ടെ സ്കൂളിൽ ദേശീയപതാക ഉയർത്തി നിയമലംഘനം നടത്തിയത് പൊലീസും സർക്കാറും കണ്ടില്ലെന്ന് നടിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഉയർത്തിയ പതാകയിൽ താമരയുണ്ടായിരുന്നു. ഇതെല്ലാം നിലനിൽക്കെ ലീഗ് നേതാവിനെതിരെ തിടുക്കപ്പെട്ട് കേസെടുത്തത് ദുഷ്ടലാക്കോടെയാണ്. പാർട്ടി ഇത് പുച്ഛിച്ചുതള്ളുന്നു. വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും മജീദ് വ്യക്തമാക്കി.
ഹാദിയയുടെ വീട്ടിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടരുതെന്നാണ് കോടതി നിർദേശം. ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാഹുൽ ഈശ്വറിന് അഭിമുഖം നടത്താൻ അവസരം കൊടുത്തു. ആർ.എസ്.എസ് കൗൺസലിങ് സംഘവും അവിടെ എത്തുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്ന കെ.പി. ശശികലക്കെതിരെ നടപടിയെടുക്കാത്തതിലും കള്ളനോട്ട് കേസിലടക്കം പൊലീസ് ഇരട്ടത്താപ്പ് കേരളം കണ്ടതാണ്. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. ശക്തമായ സമരപരിപാടികൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ലീഗ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മജീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.